കോട്ടയം: പുതുപ്പള്ളി നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറു മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ലിജിൻ ലാൽ (ഭാരതീയ ജനതാ പാർട്ടി), അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), ജെയ്ക് സി. തോമസ് (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്), ലൂക്ക് തോമസ് (ആം ആദ്മി പാർട്ടി), സ്വതന്ത്ര സ്ഥാനാർത്ഥികളായ പി.കെ. ദേവദാസ് , ഷാജി സന്തോഷ് പുളിക്കൽ എന്നിവരാണ് മത്സരരംഗത്തുള്ളത്. ആകെ 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാല് ട്രാൻസ്‌ജെൻഡറുകളും ഉൾപ്പെടുന്നു. 957 പുതിയ വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജിൽ ഇന്ന് രാവിലെ ഏഴ് മണിക്ക് മുതൽ ആരംഭിക്കും. പോളിംഗ് ബൂത്തുകളിൽ
പോളിംഗ് ഉദ്യോഗസ്ഥരെ എത്തിക്കാനായി 54 വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. 228 വോട്ടിംഗ് യന്ത്രങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ 19 വി.വി പാറ്റുകൾ കൂടി അധികമായി ഒരുക്കിവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചയാണ് വോട്ടണ്ണെൽ നിശ്ചയിച്ചിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് ദിവസം പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ-അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തൊടു കൂടി അവധിയും ലഭിക്കും.
Comments