ക്ഷേത്രങ്ങൾ കൊണ്ട് സമ്പന്നമാണ് കർണാടക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ആളുകളാണ് കർണാടകയിലെ ക്ഷേത്രങ്ങളിലേക്ക് ദർശന പുണ്യം തേടിയെത്തുന്നത്. കർണാടകയുടെ ഈ പൈതൃക കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ‘ഡിവൈൻ കർണാടക ടൂർ’ എന്ന പേരിലാണ് ഐആർസിടിസി പാക്കേജ് അവതരിപ്പിച്ചിരിക്കുന്നത്.
അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്ന ടൂർ പാക്കേജ് വഴി ധർമ്മസ്ഥല, ഗോകർണം, ഹൊറനാട്, കൊല്ലൂർ, മംഗലാപുരം, മുരുഡേശ്വർ, ശൃംഗേരി, ഉഡുപ്പി എന്നിവിടങ്ങളിൽ സന്ദർശനം നടത്താം. ഒക്ടോബർ എട്ടിനാണ് യാത്ര ആരംഭിക്കുന്നത്. ഹൈദരാബാദിൽ നിന്ന് ആരംഭിക്കുന്ന യാത്രയുടെ ഒന്നാം ദിനത്തിൽ മംഗളാ ദേവീ ക്ഷേത്രം. കദ്രി മഞ്ജുനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ സന്ദർശനം നടത്താം. തണ്ണീർബാവി ബീച്ച്, കുദ്രോളി ഗോകർണ്ണനാഥ ക്ഷേത്രം എന്നിവിടങ്ങളിൽ ദീപരാധന തൊഴുതുന്നതോടെ അന്നത്തെ സന്ദർശനം അവസാനിക്കും. അത്താഴത്തിന് ശേഷം മംഗലാപുരത്താണ് താമസം.
രണ്ടാം ദിനം ഉഡുപ്പിയിലേക്കാണ് യാത്ര. തുടർന്ന് ഇവിടുത്തെ ശ്രീകൃഷ്ണ ക്ഷേത്രദർശനം. ഉച്ചയ്‌ക്ക് ശേഷം മാൽബെ ബീച്ചിലെ സെന്റ് മേരീസ് ഐലൻഡിലേക്ക് യാത്ര. മൂന്നാം ദിനം ഉഡുപ്പയിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള അന്നപൂർണേശ്വര ക്ഷേത്രത്തിൽ ദർശനം. നാലാം ദിനം കൊല്ലൂർ മൂകാംബികയിലും അഞ്ചാം ദിനം മുരുഡേശ്വര ക്ഷേത്രത്തിലും ദർശനം നടത്താം. ആറാം ദിനം സുബ്രഹ്‌മണ്യ ക്ഷേത്രദർശനം. ഉച്ചകഴിഞ്ഞ് മംഗളൂരുവിലെത്തി രാത്രി ഏഴ് മണിക്ക് മംഗലാപുരത്ത് നിന്ന് ഹൈദരാബാദിലേക്ക് വിമാനം കയറും. പര്യടനം ഇവിടെ സമാപിക്കും.
ഹോട്ടൽ താമസത്തിന് 41,000 രൂപയാണ് ഒരാളുടെ നിരക്ക്. രണ്ടുപേർക്ക് 31,900 രൂപയും മൂന്ന് പേരുണ്ടെങ്കിൽ 30,550 രൂപ ഈടാക്കും. 5-നും 11-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക കിടക്ക ആവശ്യമാണെങ്കിൽ 100 രൂപ നൽകണം. കിടക്ക ആവശ്യമില്ലെങ്കിൽ 26,550 രൂപ. രണ്ടും നാലും വയസ്സുള്ള കുട്ടികൾക്ക് പ്രത്യേക കിടക്കയില്ലാത്ത 19,250 രൂപ ഈടാക്കും. ഹൈദരാബാദ്-മംഗലാപുരം വിമാന ടിക്കറ്റുകളും ഡിവൈൻ കർണാടക പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.















