ഇന്റർനെറ്റ് യുഗത്തിൽ ഇന്ത്യ വികസിപ്പിച്ച വലിയ സാങ്കേതിക സംവിധാനമാണ് യുപിഐ. ഇന്റർനെറ്റ് ഉപയോഗിച്ച് കൊണ്ട് പണം ഡിജിറ്റലായി കൈമാറുന്നതാണ് ഈ സംവിധാനം. എന്നാൽ ഇനി ഇന്റർനെറ്റ് ഇല്ലാതെും യുപിഐ ഇടപാട് നടത്താനുള്ള ‘യുപിഐ ലൈറ്റ് എക്‌സ്’ എന്ന സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ.
ഫോണിലെ നിയർ ഫീൽഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ലഭ്യമല്ലാത്ത ഒരു ഭൂഗർഭ മെട്രോ സ്റ്റേഷനിലോ, വിമാനത്തിലോ ആണെങ്കിൽ പണം അയയ്‌ക്കേണ്ട ഫോണിലേക്ക് നമ്മുടെ ഫോൺ മുട്ടിച്ച് ഇടപാട് പൂർത്തിയാക്കാം. ഫോൺ ഫ്‌ലൈറ്റ് മോഡിൽ ആണെങ്കിലും പേയ്‌മെന്റ് നടത്താൻ കഴിയും. യുപിഐ ലൈറ്റ് എക്‌സ് അടക്കമുള്ള ഫീച്ചറുകൾ വൈകാതെ ഫോണുകളിൽ ലഭ്യമായിത്തുടങ്ങും.
യുപിഐ ആപ്പിനോട് സംസാരിച്ചുകൊണ്ട് പേയ്‌മെന്റ് നടത്താനുള്ള സൗകര്യവും എൻഎഫ്‌സി ഒരുക്കുന്നുണ്ട്. യുപിഐ ആപ്പിലെ ‘മൈക്ക്’ ചിഹ്നത്തിൽ ടാപ് ചെയ്ത ശേഷം ‘ പണമയയ്‌ക്കൂ’ എന്ന് നിർദേശിക്കാം. പിൻ അടക്കം ഇത്തരത്തിൽ ശബ്ദരൂപത്തിൽ കമാൻഡ് നൽകാം. ആദ്യഘട്ടത്തിൽ ഹിന്ദി, ഇംഗ്ലിഷ് ഭാഷകളാണ് ലഭ്യം. വൈകാതെ തന്നെ ഇവ പ്രാദേശിക ഭാഷയിലും ലഭ്യമാകുമെന്നാണ് വിവരം.















