ഭാരതമെന്ന പേര് ഊട്ടിയുറപ്പിച്ച് ജി20-യിലെ നെയിം പ്ലേറ്റ്. നൂറ്റാണ്ടുകൾക്ക് മുൻപ് രചിച്ച വിഷ്ണുപുരാണത്തിലും ബ്രഹ്മപുരാണത്തിലും രാഷ്‌ട്രത്തിന്റെ നാമം ‘ഭാരതം’ എന്നാണ്. ഈ വാക്കാണ് ജി20-യിൽ ഉടനീളം പ്രധാനമന്ത്രി പരാമർശിച്ചത്. കൊളോണിയൽ ഭൂതകാലത്തിന്റെ അവശേഷിപ്പുകളിൽ നിന്ന് രാജ്യത്തെ മുക്തമാക്കാൻ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ ശ്രദ്ധേയമാണ്. അനുദിനം വളരുന്ന രാജ്യം അധിനിവേശത്തിന്റെ പദങ്ങളെ ഒഴിവാക്കുന്ന നിലപാടാണ് സമീപിക്കുന്നത്. കഴിഞ്ഞുപോയ കറുത്ത ഏടുകളെ അവശേഷിപ്പിക്കാത്ത വിധത്തിലുള്ള മാറ്റത്തിനാണ് രാജ്യമൊരുങ്ങുന്നത്.
ഭാസിൽ രതിക്കുന്ന ഭൂമിയാണ് ഭാരതം. അതായത് പ്രകാശത്തിൽ സഞ്ചരിക്കുന്ന രാജ്യം. ലോകത്തിന് പ്രകാശമാകാനാണ് രാഷ്‌ട്രം എന്നും നിലകൊള്ളുന്നതെന്ന് കാലങ്ങളായി തെളിയിച്ച കാര്യമാണ്. ലോകത്തെ ഏറ്റവും പഴക്കം ചെന്ന വേദങ്ങളിൽ തന്നെ രാഷ്‌ട്രത്തെ ഭാരതമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ ജനങ്ങളെ ‘ഭാരതജനം’ എന്നാണ് വേദങ്ങളിൽ വിളിക്കുന്നത്.
ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രൈശ്ചൈവ ദക്ഷിണം
വർഷം തദ് ഭാരതം നാമ
ഭാരതീ യത്ര സംതതിഃ
വിഷ്ണുപുരാണത്തിൽ ഭാരതത്തെ വർണിക്കുന്ന വരികളാണ് മുകളിൽ പറയുന്നത്. ഉത്തരഭാഗത്ത് ഹിമാലയ പർവതനിരകളും ദക്ഷിണഭാഗത്ത് സമുദ്രവും അതിർത്തിയായുമുള്ള ഈ ഭൂവിഭാഗത്തിന്റെ നാമമാണ് ഭാരതം. ഭരതന്റെ പിൻഗാമികൾ ഇവിടെ നിവസിക്കുന്നു- എന്നാണ് നൂറ്റാണ്ടുകൾക്ക് മുൻപ് എഴുതിയ വിഷ്ണുപുരാണത്തിൽ പറയുന്നത്. സഹസ്രാബ്ദങ്ങൾ മുൻപേയുള്ള ഭാരത മണ്ണിന്റെ പൈതൃകവും സംസ്‌കാരവും, ജി20-യിൽ പ്രകാശിപ്പിക്കുകയാണ് ഭാരതം. അതിൽ ആദ്യത്തേതാണ് രാഷ്‌ട്രത്തിന്റെ നാമം. പുരാണങ്ങളിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. മഹാഭാരതത്തിന്റെ ആദ്യപർവത്തിൽ ഭരതചക്രവർത്തിയെക്കുറിച്ചുള്ള പരാമർശമുണ്ട്. ഭരതരാജാവിന്റെ പേരിൽ നിന്നാണ് ഭാരതം എന്ന പേര് ഉടലെടുത്തതെന്നും വിശ്വസിക്കുന്നു.
ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധയാകർഷിക്കുന്ന ജി20 ഉച്ചകോടി രാജ്യതലസ്ഥാനത്ത് പ്രൗഢഗംഭീരമായി പുരോഗമിക്കുകയാണ്. പരസ്പര വിശ്വാസത്തിന്റെയും ആശ്രിതത്വത്തിന്റെയും സമയമാണിതെന്നും എല്ലാവരും ഒറ്റക്കെട്ടായി ചലിക്കേണ്ട സമയമാണിതെന്നും പ്രധാനമന്ത്രി അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പാർശ്വവത്കരിക്കപ്പെട്ടവർക്കും പ്രഥമ പരിഗണന നൽകുമെന്ന രാജ്യത്തിന്റെ സമീപനത്തിന് മാതൃകയാണ് ആഫ്രിക്കൻ യൂണിന്റെ സ്ഥിരംഗത്വം. പ്രധാനമന്ത്രിയെ ആശ്ലേഷിച്ചാണ് യൂണിയൻ ഓഫ് കൊമോറോസിന്റെ പ്രസിഡന്റും ആഫ്രിക്കൻ യൂണിയൻ (എയു) ചെയർപേഴ്സണുമായ അസാലി അസ്സൗമാനി സന്തോഷം പങ്കുവെച്ചത്. ഇരു നേതാക്കളും വാരിപ്പുണർന്നതിൽ തന്നെയുണ്ട് പിന്തുണയും പ്രതീക്ഷയും. ആഫ്രിക്കൻ ജനതയെയും ‘പ്രകാശത്തിലേക്ക്’ കൈപ്പിടിച്ച് നടത്താൻ ഭാരതത്തിന് ആകുമെന്ന പ്രതീക്ഷയിലാണ് ലോകം.
Comments