ഹാലാസ്യനാഥനായ സുന്ദരേശ്വരഭഗവാൻ ഒരു വിപ്രകന്യകയെ അനുഗ്രഹിക്കുവാൻ വേണ്ടി വൃദ്ധനായും യുവാവും ശിശുവായും പ്രത്യക്ഷപ്പെട്ട ലീലയാണ്ഇത്.
പണ്ട് മധുരാപുരിയിൽ ‘വിരൂപാക്ഷൻ എന്ന് പേരുള്ള ബ്രാഹ്മണശ്രേഷ്ഠൻ വസിച്ചിരുന്നു. വൈദികചാരങ്ങളിൽ നിഷ്ഠയുള്ളവനും ശാസ്ത്രപാണ്ഡിത്യമുള്ളവനും ആയിരുന്നു അദ്ദേഹം. അദ്ദേഹം ഒരു ഉത്തമ ഭക്തനായിരുന്നു. സാധ്വിയായ ‘സുപ്രത’ ആയിരുന്നു അദ്ദേഹത്തിന്റ പത്‌നി. പുത്രസൗഭാഗ്യം ഉണ്ടകുവാൻ ഈ ദമ്പതിമാർ കഠിന തപസ്സനുഷ്ഠിച്ചു. മീനാക്ഷി-സുന്ദരേശന്മാരെ വന്ദിച്ചുകൊണ്ടും ഗൗരീരൂപം ധ്യാനിച്ചുകൊണ്ടും ദേവീ ബീജാക്ഷര മന്ത്രം ജപിച്ചുകൊണ്ടും ഹാലാസ്യക്ഷേത്രത്തിലുള്ള സപ്തമാതാക്കളുടെ സന്നിധിയിൽ അവർ തപസ്സ് നുഷ്ടിച്ചതിൽ ഭഗവാൻ പ്രസന്നനായി. എങ്കിലും ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ കഴിഞ്ഞില്ല. പൂർവ്വജന്മത്തിൽ അവർ പാപങ്ങൾ ചെയ്തിട്ടുള്ളതു കൊണ്ട് ഈ ജന്മത്തിൽ അവർക്ക് പുത്രഭാഗ്യം ഉണ്ടാകുകയില്ല,എങ്കിലും ഭക്തരുടെ ആഗ്രഹം നിറവേറ്റുവാൻ ഒരു പുത്രിയെ പ്രദാനം ചെയ്തു. അപ്പോൾ സന്തുഷ്ടരായ അവർ തങ്ങൾക്ക് ഭഗവാനിൽ നിന്ന് ദത്തമായ കന്യകയ്‌ക്കു വേണ്ടി പല ശുഭകർമ്മങ്ങളും ചെയ്തു. പുത്രിക്ക് ‘ഗൗരി’ എന്ന നാമവും ന്ൽകി അഞ്ചു വയസ്സുള്ളപ്പോൾ കന്യക പിതാവിനോട് ഇങ്ങനെ അപേക്ഷിച്ചു.
“പിതാവേ! സംസാരദുഃഖം ശമിക്കുവാൻ അനുഷ്ഠിക്കുന്ന കർമ്മം എനിക്ക് ഉപദേശിച്ചതരണം.എന്നാൽ മാത്രമേ ശരീരാഭിമാനങ്ങൾ നശിക്കുകയുള്ളൂ”..
ഈ വാക്കുകളിൽ നിന്നുതന്നെ സർവ്വേശ്വരിയുടെ അനുഗ്രഹം പുത്രിക്കുണ്ടെന്ന് പിതാവിന് മനസ്സിലായി അദ്ദേഹം പുത്രിയോട് ഇങ്ങനെ പറഞ്ഞു.”സർവ്വ പാപങ്ങളേയും ആപത്തുകളെയും നശിപ്പിക്കുന്നതും സർവ്വ കാമങ്ങളെ നൽകുന്നതും ആയ ധർമ്മം ഞാൻ പറഞ്ഞു തരാം. ജഗന്മാതാവും സച്ചിദാനന്ദസ്വരൂപിണിയുമായ മഹാമായ ഭക്തവത്സലനായ ശ്രീപരമേശ്വരന്റ ഇടത്തു ഭാഗത്തായി വസിക്കുന്നു. ദേവിയുടെ ബീജമന്ത്രം ഈ ലോകസുഖവും മോക്ഷവും പ്രദാനം ചെയ്യും.’ഹ’,’ര’,ഈ” എന്നീ അക്ഷരങ്ങളേുകൂടിയതും അന്ത്യത്തിൽ ബിന്ദുനാദങ്ങൾ ഉള്ളതും ആയ ഏകാക്ഷരമായ ‘ഹ്രീം‘ ആണ് ദേവിയുടെ ബീജമന്ത്രം (ഹ്+ര്+ഈം).
മണിദ്വീപിലെ മാണിക്യമണ്ഡപത്തിലുള്ള പത്മപീഠത്തിൽ ചതുർഭുജങ്ങളോടുകൂടി ചുവന്ന വസ്ത്രം ധരിച്ചുകൊണ്ട് വിരാജിക്കുന്ന ശക്തിസ്വരൂപിണിയെ ധ്യാനിച്ചുകൊണ്ടു ഈ മന്ത്രം ജപിക്കണം. ഗൗരി പിതാവ് പറഞ്ഞതുപോലെ ദേവിയെ ധ്യാനിച്ചും ദേവിമന്ത്രം ജപിച്ചും ദൈനംദിന ജീവിതം നയിച്ചു.
പുത്രിക്ക് വിവാഹപ്രായമായപ്പോൾ വിരൂപാക്ഷന്അതിനെ കുറിച്ചായി ചിന്ത. അപ്രതീക്ഷിതമായി ഭവനത്തിൽ വന്നു ചേർന്ന ബ്രഹ്മചാരി പുത്രിക്ക് യോജിച്ച വരനെന്ന് പിതാവിന് തോന്നി. അതുകൊണ്ട് ആഗതന്റെ കുലം മാതാപിതാക്കൾ എന്നിവ അന്വേക്ഷിക്കാതെ വിവാഹം കഴിച്ചു കൊടുക്കാൻ തീരുമാനിച്ചു.ബന്ധുക്കൾ എതിർത്തു എങ്കിലും എല്ലാപേരുടെയും സഹകരണത്തോടുകൂടിത്തന്നെ പുത്രിയുടെ വിവാഹം നടത്തി. ഭർതൃഗൃഹത്തിൽ ഉള്ളവർ സസന്തോഷം പുത്രനെയും വധുവിനെയും സ്വീകരിച്ചു. ആ ഭവനത്തിൽ ഉള്ളവർ വിഷ്ണു ഭക്തർ ആയിരുന്നു. അതുകൊണ്ടാകാം ഭർത്തൃമാതാവിന് ‘ഗൗരി’എന്ന നാമധേയം ഇഷ്ടപ്പെട്ടില്ല.വിഷ്ണുഭക്തരുടെ ഭവനം ആയത്‌കൊണ്ട് ഒരു ശിവഭക്തന് ഭക്ഷണം കൊടുക്കണം എന്ന ഗൗരിയുടെ ആഗ്രഹവും സാധിച്ചില്ല. ദേവീമന്ത്രം ജപിച്ചുകൊണ്ട് ഗൗരി ജീവിതം നയിച്ചു.
ഒരുദിവസം ഭർത്താവ് ഉൾപ്പെടെയുള്ളവർ അന്യഗ്രാമത്തിൽ വിവാഹത്തിന് പോയി. വീടിന്റെ പ്രധാന വാതിലുകൾ പൂട്ടിക്കൊണ്ടാണ് അവർപോയത്. ഗൗരിമാത്രം ശിവഭാഗവനെയും പാർവതിയെയും സ്മരിച്ചുകൊണ്ട് അവിടെ തന്നെ കഴിഞ്ഞു. ഈ അവസരത്തിലാണ് സുന്ദരേശ ഭഗവാൻ ലീല ആരംഭിച്ചത്.സുന്ദരേശഭഗവാൻ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തിൽ ഭസ്മവും രുദ്രാക്ഷവും ധരിച്ചുകൊണ്ട് ഭിക്ഷക്കായി എത്തി. ഭിക്ഷ ചോദിച്ചപ്പോൾ അത് നല്കാൻ തനിക്ക് കഴിയാതെ വന്ന അവസ്ഥ ഗൗരി അറിയിച്ചു. ഭക്ഷണ പദാർഥങ്ങൾ സൂക്ഷിച്ചിരുന്ന മുറി പൂട്ടിയിട്ടിരിക്കുകയാണെന്നും ഒന്നും ഇല്ലെന്നും പറഞ്ഞപ്പോൾ വാതിലുകൾ തുറന്നിട്ടുണ്ടെന്ന് ഭിക്ഷു പറഞ്ഞു. തനിക്ക് നല്ല വിശപ്പുണ്ടെന്നും ഭക്ഷണ പദാർത്ഥങ്ങൾ എടുത്ത് പാചകം ചെയ്ത് തരണമെന്നും പറഞ്ഞു. ഗൗരി വിഭവ സമൃദ്ധമായ ഭക്ഷണം തയ്യാറാക്കി ഭിക്ഷുവിന് കൊടുത്തു. ഒരു ശിവ ഭക്തന് ഭക്ഷണം നൽകണമെന്ന ഗൗരിയുടെ ആഗ്രഹം സുന്ദരേശഭഗവാൻ ലീലയിൽ കൂടി നിർവഹിച്ചു.
ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ വൃദ്ധൻ യുവാവായി മാറി. ഇത് ഗൗരിയെ അസ്വസ്ഥയാക്കി.യുവാവിനൊപ്പം തന്നെ കുടുംബാംഗങ്ങൾ കണ്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെകുറിച്ചുള്ള ചിന്തകളാണ് ഗൗരിയെ അലട്ടിയത്. പെട്ടെന്ന് വിവാഹത്തിന് പോയവർ എത്തി .യുവാവിന്റെ സ്ഥാനത്ത് ഒരു ശിശുവിനെ ആണ് അവർ കണ്ടത്. വൃദ്ധനായി വന്ന് യുവവായി മാറിയ ഭഗവാൻ ഭക്തയെ രക്ഷിക്കുവാനും അനുഗ്രഹിക്കുവാനും വേണ്ടി സ്വീകരിച്ച രൂപമായിരുന്നു അത്. ശിശുവിനെ കണ്ടപ്പോൾ ഭർത്തൃമാതാവ് കോപിഷ്ഠയായി .ശിശുവിനെക്കുറിച്ചു ചോദിച്ചപ്പോൾ അന്തര്യാമിയായ ഭഗവാന്റെ പ്രേരണയാൽ ഗൗരി ഇങ്ങെനെ പറഞ്ഞു. ഒരു ബ്രാഹ്മണ പത്‌നി ശിശുവിനെ അവിടെ കിടത്തി പോയതാണ് അൽപ്പം കഴിഞ്ഞു വന്ന് കൊണ്ടുപോകും.അന്യന്റെ ശിശുവിനെ പരിപാലിക്കുന്ന ഗൗരിയെ മാതാവ് നിന്ദിച്ചു. ശിശുവിനെയും ഗൗരിയെയും വീടിന് പുറത്താക്കി.ഗൗരി ശിശുവിന്റെ സുന്ദരമുഖം നോക്കി കൊണ്ടും ദേവി മന്ത്രം ജെപിച്ചുകൊണ്ടും തെരുവിൽ നിന്നു.അപ്പോൾ ഹാലസ്യനാഥൻ ലീല അവസാനിപ്പിച്ച് വൃഷഭാരൂഢനായി പ്രത്യക്ഷപ്പെട്ടു. വിപ്രകന്യകയായ ഗൗരിയെ പരമേശ്വരി രൂപത്തിലാക്കി മാറ്റി .സർവ്വരും നോക്കിനിൽക്കുമ്പോൾ തന്നെ മടിയിലിരുത്തിക്കൊണ്ട ആകാശ മാർഗത്തിൽ മറഞ്ഞു.
ഭക്തനായ വിരൂപാക്ഷന് കന്യകയെ പ്രദാനം ചെയ്ത് സന്തോഷിപ്പിച്ചതും കന്യകയ്‌ക്ക് ദുഃഖം ഉണ്ടായപ്പോൾ അത് മാറ്റി അനുഗ്രഹിച്ചതും ആയ ലീല ദുഃഖങ്ങൾ നശിപ്പിച്ചു ആഗ്രഹങ്ങൾ സാധിപ്പിക്കും.
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
അടുത്ത ഹാലാസ്യ മാഹാത്മ്യം -24 വ്യത്യസ്ത താണ്ഡവം
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും
https://janamtv.com/tag/halasya-mahatmyam/
Comments