ഗണപതി ഭഗവാനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പേജിൽ കമന്റ് ഇട്ടയാൾക്ക് തക്ക മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. പുതിയ സിനിമയുടെ തയ്യാറെടുപ്പിന്റെ ഭാഗമായി പങ്കുവെച്ച ചിത്രത്തിന് താഴെയാണ് ഗണപതി ഭഗവാനുമായി ബന്ധപ്പെടുത്തി കമന്റ് ചെയ്തത്.
ഗണപതി ഭഗവാനെ സിക്സ് പാക്ക് ഇല്ലെന്ന തരത്തിൽ ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന രീതിലായിരുന്നു കമന്റ്. ‘ഞാൻ തിരിച്ച് നിന്റെ ദൈവത്തെ പറഞ്ഞാൽ കൂട്ടക്കരച്ചിൽ ഉണ്ടാകും. നിങ്ങൾക്ക് താങ്ങാൻ കഴിയാത്ത തമാശകൾക്ക് പ്രേരിപ്പിക്കാതിരിക്കുക. സത്യസന്ധമായി ഉത്തരം നൽകാൻ ഞാൻ മടിക്കില്ല. അതിൽ നിന്നും ഒഴിഞ്ഞ് നിൽക്കുന്നത് ഇതര മതങ്ങളിൽ വിശ്വസിക്കുന്നവരുടെ വികാരങ്ങളെ മാനിക്കുന്നതുകൊണ്ടാണ്’ ഉണ്ണി മുകുന്ദൻ കുറിച്ചു.
ഉണ്ണി മുകുന്ദനെ പിന്തുണച്ച് നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. കൃത്യമായ ഉത്തരമാണ് ഉണ്ണി നൽകിയത്, നിങ്ങൾക്കേ അത് പറയാൻ സാധിക്കു തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
ജയ് ഗണേഷ് എന്ന് പേരിട്ട പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഒറ്റപ്പാലത്തെ ഗണേശോത്സവ പരിപാടിക്കിടയിലായിരുന്നു നടൻ നടത്തിയത്. വേദിയിൽ വച്ച് സംസാരിക്കുന്നതിനിടെ അപ്രതീക്ഷിതമായി പുതിയ ചിത്രം പ്രഖ്യാപിക്കുകയായിരുന്നു. ഹൈന്ദവ വിശ്വാസങ്ങളെ മനഃപൂർവ്വം അവഹേളിക്കുന്ന ഇടതുപക്ഷ സമീപനത്തിനെതിരെ ശക്തമായ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ജയ് ഗണേഷിന്റെ പ്രഖ്യാപനം ഉണ്ണി മുകുന്ദൻ നടത്തിയത്.
അന്ന് വേദിൽ വെച്ച് തന്റെ വിശ്വാസത്തെ അവഹേളിച്ചാൽ അതിനെതിരെ ശബ്ദമുയർത്തുമെന്നും അതിന് ഒരു പ്രത്യേക നട്ടെല്ലിന്റെ ആവശ്യമൊന്നുമില്ലെന്നും നടൻ വ്യക്തമാക്കിയിരുന്നു. രഞ്ജിത് ശങ്കറാണ് ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത്. വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രത്തിൽ അയ്യപ്പനായി വേഷമിട്ടതിനു പിന്നാലെയാണ് ജയ് ഗണേഷിൽ ഗണപതിയായി ഉണ്ണി മുകുന്ദൻ എത്തുന്നത്.
Comments