ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി, കുപ്വാര ജില്ലകളിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നതിനിടെ മാദ്ധ്യമങ്ങളോട് പ്രതികരിച്ച് വടക്കൻ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. തോക്കുധാരികളായ തീവ്രവാദികളെ അതിർത്തി കടത്തി വിടാനാണ് പാകിസ്താൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. രജൗരിയിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിക്കുകയും ചെയ്തു.
‘ഭാരതത്തിൽ അസ്വസ്ഥത സൃഷ്ടിക്കാൻ പാകിസ്താൻ ശ്രമിക്കുകയാണ്. കശ്മീരിലെ സമാധാനം തകർക്കാനായി അവർ അതിർത്തി വഴി ആയുധധാരികളായ തീവ്രവാദികളെ അയക്കുന്ന പഴയ തന്ത്രം പരീക്ഷിക്കുകയാണ്. ഈ വർഷം 2.25 കോടി വിനോദസഞ്ചാരികൾ ജമ്മു കശ്മീർ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിലുള്ള മാറ്റങ്ങൾ തടയാനാണ് പാകിസ്താന്റെ ശ്രമം. എന്നാൽ, പാകിസ്താന്റെ ഒരു ശ്രമവും വിജയിക്കാൻ പോകുന്നില്ല. ഞങ്ങൾ അതിന് അനുവദിക്കില്ല’- ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.
ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ്, എഡിജിപി കശ്മീർ വിജയ് കുമാർ, ജിഒസി 15 കോർപ്സ് ലെഫ്റ്റനന്റ് ജനറൽ രാജീവ് ഘായി എന്നിവർക്കൊപ്പം ജമ്മു കശ്മീർ പോലീസിന്റെയും ഇന്ത്യൻ ആർമിയുടെയും ഉന്നത ഉദ്യോഗസ്ഥരും സംഘർഷ സ്ഥലത്ത് എത്തിയിട്ടുണ്ട്. 19 രാഷ്ട്രീയ റൈഫിൾസിലെ കേണൽ മൻപ്രീത് സിംഗ് ആണ് ഭീകരരുമായുള്ള ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചത്. രജൗരി ജില്ലയിൽ നർല ബംബൽ ഏരിയയിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ ആർമിയുടെ കെന്റ് എന്ന നായയും കൊല്ലപ്പെട്ടിരുന്നു. 21-ആം ആർമി ഡോഗ് യൂണിറ്റിലെ ആറ് വയസ്സുള്ള വനിതാ ലാബ്രഡോറാണ് കെന്റ്.
Comments