വളരെയധികം സവിശേഷതകളുള്ള ബെംഗളൂരു ഇന്ത്യയുടെ സിലിക്കൺ വാലി എന്നാണ് അറിയപ്പെടുന്നത്. തിരക്കേട്ട സാങ്കേതിക വ്യവസായത്തിനും വ്യത്യസ്ത കാഴ്ചകളും ഉൾപ്പെടെ നിരവധി സവിശേഷതകളാണ് ബെംഗളൂരുവിൽ ഉള്ളത്. ഇവിടെ നിരവധി ആരാധനാലയങ്ങൾ ഉണ്ട് എന്നതും ഈ നഗരത്തെ കൂടുതൽ മനോഹരമാക്കുന്നുണ്ട്. ബെംഗളൂരുവിലെ ചില പ്രധാന ക്ഷേത്രങ്ങളേതൊക്കെയെന്ന് നോക്കാം…
ഇസ്‌കോൺ ക്ഷേത്രം അഥവാ ശ്രീ രാധാകൃഷ്ണ ക്ഷേത്രം
രാജാജിനഗറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുള്ളത്. ആധുനികതയുടെയും പാരമ്പര്യത്തിന്റെയും സംയുക്ത മിശ്രിതമായ ക്ഷേത്രത്തിന്റെ വാസ്തുവിദ്യ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. വലിയ ശ്രീകോവിലിലായി ശ്രീകൃഷ്ണനെയും രാധയെയും പ്രതിഷ്ഠിച്ചിരിക്കുകയാണ്.
നന്ദി ക്ഷേത്രം
ബസവനഗുഡിയിലാണ് നന്ദി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ബെംഗളൂരുവിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്. 15 അടി ഉയരത്തിലും 20 അടി നീളത്തിലുമുള്ള ഒരു ഗ്രാനൈറ്റ് പാറയിലാണ് നന്ദിയുടെ വലിയ പ്രതിമ കൊത്തിയെടുത്തിരിക്കുന്നത്. ഇത് തന്നെയാണ് ക്ഷേത്രത്തിന്റെ പ്രത്യേകതയും. ശിവഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടിയാണ് ഭക്തർ ഇവിടെ എത്തുന്നത്.
ഗവി ഗംഗാധരേശ്വര ക്ഷേത്രം
ശിവ ഭഗവാന്റെ പ്രതിഷ്ഠയുള്ള ഒരു ഗുഹാക്ഷേത്രമാണ് ഇത്. ബെംഗളൂരുവിലെ ഗവിപുരത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മകര സംക്രാന്തി ദിനമാണ് ഇവിടുത്തെ പ്രത്യേക ദിനം.
ദൊഡ്ഡ ഗണേശ ക്ഷേത്രം
ബസവനഗുഡിയിലെ ബ്യൂഗിൾ റോക്ക് പാർക്കിന് സമീപമായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗണപതി പ്രതിഷ്ഠയാണ് ഇവിടെ.18 അടി ഉയരവും 16 അടി വീതിയുമുള്ള ഗണപതിയുടെ വലിയ വിഗ്രഹമാണ് ക്ഷേത്രത്തിന്റെ പ്രത്യേകത.
രാഗി ഗുഡ്ഡ ആഞ്ജനേയ ക്ഷേത്രം
കുന്നിൻ മുകളിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹനുമാനാണ് ഇവിടുത്തെ പ്രതിഷ്ഠ. ശാന്തമായ അന്തരീക്ഷവും മനോഹരമായ കാഴ്ചകളും ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നു.
Comments