ന്യൂഡൽഹി: പുതിയ പാർലമെന്റിനായി വിയർപ്പൊഴുക്കിയതും പണം മുടക്കിയതും ഇന്ത്യയുടെ പൗരന്മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 75 വർഷത്തിനിടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷിയായ പഴയ പാർലമെന്റ് മന്ദിരം വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്നും പുതിയ ചരിത്ര പഠനം കൂടിയാണ് പഴയ മന്ദിരമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ചന്ദ്രയാൻ-3ന്റെ വിജയത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി അഭിനന്ദനമറിയിച്ചു. ഗവേഷകരുടെ പ്രയത്നത്തെ നന്ദിയോടെ സ്മരിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം, ചന്ദ്രയാൻ-3ലൂടെ ഇന്ത്യയുടെ ശക്തി ലോകത്തിന് കാണിച്ചുകൊടുക്കാൻ കഴിഞ്ഞുവെന്നും അഭിപ്രായപ്പെട്ടു.
ഇന്ന് ഇന്ത്യക്കാരുടെ നേട്ടങ്ങൾ എല്ലായിടത്തും ചർച്ച ചെയ്യപ്പെടുകയാണ്. നമ്മുടെ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഒറ്റക്കെട്ടായ പരിശ്രമത്തിന്റെ ഫലമാണിത്. ചന്ദ്രയാൻ-3യുടെ വിജയം കേവലം ഇന്ത്യയെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനമേകുന്നതാണ്. ശാസ്ത്രം, സാങ്കേതികവിദ്യ, നമ്മുടെ ശാസ്ത്രജ്ഞരുടെ കഴിവുകൾ, 140 കോടി ഭാരതീയരുടെ ശക്തി തുടങ്ങിയവയിലൂടെ ഒരു പുതിയ ഇന്ത്യയെ ആണ് ഇന്ന് ലോകം കാണുന്നത്. ഈയവസരത്തിൽ നമ്മുടെ ശാസ്ത്രജ്ഞരെ വീണ്ടും അഭിനന്ദിക്കാൻ ആഗ്രഹിക്കുകയാണ് താനെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ന് ജി20യുടെ വിജയത്തെ ഏകകണ്ഠമായി ഏവരും പ്രശംസിക്കുകയാണ്. 140 കോടി ഭാരതീയരുടെ വിജയമാണിത്. ഒരു വ്യക്തിയുടെയോ പാർട്ടിയുടെയോ അല്ല, ഇന്ത്യയുടെ വിജയമാണ് ജി-20. നാമെല്ലാവരും ആഘോഷിക്കേണ്ട കാര്യമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ജി 20യ്ക്ക് അദ്ധ്യക്ഷത വഹിക്കവെ ആഫ്രിക്കൻ യൂണിയൻ അതിൽ അംഗമായെന്നത് ഭാരതത്തിന് ഏറെ അഭിമാനം നൽകുന്ന കാര്യമാണ്. പ്രഖ്യാപനം നടത്തിയ വൈകാരിക നിമിഷം തനിക്ക് മറക്കാനാവില്ല. സംസാരിക്കുമ്പോൾ ഒരുപക്ഷെ കണ്ഠമിടറുമെന്നായിരുന്നു പ്രഖ്യാപനത്തിന് പിന്നാലെ ആഫ്രിക്കൻ പ്രസിഡന്റിന്റെ പ്രതികരണം. ഇതുപോലെ മറ്റുള്ളവരുടെ വലിയ പ്രതീക്ഷകൾ പൂർത്തീകരിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്നത് വലിയ ഭാഗ്യമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
Comments