കൊളംബോ: ഏഷ്യാകപ്പിൽ ശ്രേയസ് അയ്യർക്ക് പകരക്കാരനെ പ്രഖ്യാപിക്കണമെന്ന് മുൻ താരം ഗൗതം ഗംഭീർ. ഏകദിന ലോകകപ്പിന് പരിക്കേറ്റ താരങ്ങളെ ഇന്ത്യ ഇറക്കുന്നത് കനത്തവെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.പരിക്കിനെ തുടർന്ന് ഒരുഇടവേളയ്‌ക്ക് ശേഷമാണ് ടീമിലേക്ക് താരം തിരിച്ചെത്തിയത്. വീണ്ടും പരിക്കേറ്റതോടെ ഏഷ്യാ കപ്പിൽ നിന്ന് താരം പിന്മാറിയിരുന്നു. മദ്ധ്യനിര താരത്തിന്റെ ഫിറ്റ്‌നസ് ഇപ്പോഴും സംശയത്തിലാണ്. മാനേജ്‌മെന്റ് ശ്രേയസിന്റെ പരിക്കിന്റെ കാര്യത്തെ കുറിച്ച് കൂടുതലൊന്നും പറഞ്ഞിട്ടില്ല. പരിക്കേറ്റ താരത്തെ ലോകകപ്പ് പോലുളള ഒരു ടൂർണമെന്റിൽ ടീം മാനേജ്‌മെന്റ് നിലനിർത്തുമെന്ന് ഞാൻ കരുതുന്നില്ല. പകരക്കാരനായി ഉടൻ തന്നെ ടീമിൽ മറ്റൊരാൾ ഉണ്ടാകുമെന്നും ഗംഭീർ പറഞ്ഞു.
നേരിയ പരിക്കുള്ള താരങ്ങൾക്ക് ലോകകപ്പിൽ പകരക്കാരനെ പ്രഖ്യാപിക്കാനാവില്ല. അതുകൊണ്ടുതന്നെ ഏഷ്യാ കപ്പിൽ ഫിറ്റ്‌നെസ് തെളിയിക്കാൻ കഴിയാതിരുന്ന അയ്യർക്ക് ലോകകപ്പ് ടീമിലും ഇടം നേടാനാവുമെന്ന് കരുതുന്നില്ല. നിശ്ചിത ഇടവേളയ്‌ക്ക് ശേഷം, ഒരു മത്സരം മാത്രം കളിച്ച് വീണ്ടും പരിക്കേറ്റ താരത്തെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുക എന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ഗംഭീർ കൂട്ടിച്ചേർത്തു.
ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിൽ ശ്രേയസ് അയ്യരുണ്ടെങ്കിലും ഈ മാസം 28വരെ ടീമിൽ മാറ്റം വരുത്താൻ ടീമുകൾക്ക് ഐസിസി അനുമതി നൽകിയിട്ടുണ്ട്. ലോകകപ്പ് ടീമിൽ നിന്ന് ശ്രേയസിനെ ഒഴിവാക്കിയാൽ മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സഞ്ജുവിന് പുറമെ യുവതാരം തിലക് വർമയും സെലക്ടർമാരുടെ പരിഗണനയിലുള്ള താരമാണ്. ലോകകപ്പ് ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സഞ്ജു സാംസൺ ഷാർജയിൽ പരിശീലനത്തിലാണ്. ഇതിന്റെ ചിത്രങ്ങളും ഫോട്ടോകളും താരം സമൂഹമാദ്ധ്യങ്ങളിൽ പങ്കുവെച്ചിരുന്നു.
Comments