മുംബൈ : ഷാരൂഖ് ഖാന്റെ ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ജവാൻ’ ഇപ്പോഴും തീയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്.ആഗോളതലത്തിൽ ഇതിനകം 850 കോടി രൂപ നേടിയ ചിത്രം ഉടൻ തന്നെ 1000 കോടി ക്ലബ്ബിൽ പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ്. ‘ജവാന്റെ’ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം 250 കോടി രൂപയ്‌ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .
ഇപ്പോൾ ജവാൻ സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കി എന്നാണ് പുതിയ വാർത്ത. 80 കോടിയിലധികം രൂപയ്‌ക്കാണ് ജവാന്റെ സാറ്റലൈറ്റ് അവകാശം സീ ടിവി സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ഇതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. OTT, ഡിജിറ്റൽ അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ 250 കോടി രൂപയുടെ ഇടപാടിന്റെ ഭാഗമാണ് സാറ്റലൈറ്റ് വിലയെന്ന് വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഒടിടിയിലും സീ ടിവിയിലും റിലീസ് തീയതികളുടെ ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ജവാൻ ഒക്ടോബർ അവസാനത്തോടെ നെറ്റ്ഫ്ലിക്സിൽ എത്തിയേക്കുമെന്ന് പറയപ്പെടുന്നു.
ഷാരൂഖിനെ കൂടാതെ നയൻതാര, ദീപിക പദുക്കോൺ , സന്യ മൽഹോത്ര, പ്രിയാമണി, വിജയ് സേതുപതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗൗരി ഖാനാണ് ചിത്രം സംവിധാനം ചെയ്തത്.