ഇലോൺ മസ്‌കിന്റെ ബയോടെക്‌നോളജി സ്റ്റാർട്ടപ്പ് ആയ ന്യൂറാലിങ്ക് പുതിയ സാങ്കേതിക വിദ്യ മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുന്നു. മനുഷ്യന്റെ ചിന്തകളെ കമ്പ്യൂട്ടറിലേക്ക് എത്തിക്കുന്നതിനായി ഒരു ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫെയ്‌സ് വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ന്യൂറാലിങ്ക്. കമ്പനിയുടെ ബ്ലോഗിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു സ്വതന്ത്ര റിവ്യൂ ബോർഡിന്റെ അനുമതി ലഭിച്ചതിന് ശേഷം പക്ഷാഘാത രോഗികളിൽ ബ്രെയിൻ ഇംപ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.
പ്രിസൈസ് റോബോട്ടിക്കലി ഇംപ്ലാന്റഡ് ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർ ഫെയ്‌സ് എന്നാണ് ഈ പദ്ധതിയ്‌ക്ക് പേര് നൽകിയിരിക്കുന്നത്. മനുഷ്യന്റെ തലയോട്ടിക്കുള്ളിലായി സ്ഥാപിക്കുന്ന ഈ യന്ത്രത്തിന്റെ സുരക്ഷയും പ്രവർത്തന ക്ഷമതയുമാണ് ഈ ഘട്ടത്തിൽ പരീക്ഷിക്കുന്നത്. പരീക്ഷണത്തിന്റെ ഭാഗമാകുന്ന രോഗികളിൽ മസ്തിഷ്‌കത്തിന്റെ ചലനങ്ങൾ നിയന്ത്രിക്കുന്ന ഭാഗത്തായാണ് ശസ്ത്രക്രിയയിലൂടെ ന്യൂറാലിങ്ക് ചിപ്പ് ഘടിപ്പിക്കുന്നത്. ഒരു റോബോട്ട് ഉപയോഗിച്ചുകൊണ്ടായിരിക്കും ശസ്ത്രക്രിയ നടക്കുക. ശേഷം മസ്തിഷ്‌കത്തിൽ നിന്നുമുള്ള സിഗ്നലുകൾ പിടിച്ചെടുക്കുകയും ഇത് ആപ്പിലേക്ക് അയക്കുകയും ചെയ്യും.
ചിന്തകളിലൂടെ ഒരു കമ്പ്യൂട്ടറും കഴ്‌സറും കീബോർഡും നിയന്ത്രിക്കുന്നതിനും രോഗികളെ പ്രാപ്തമാക്കുകയാണ് പരീക്ഷണത്തിന്റെ പ്രാഥമിക ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. ആറ് വർഷം നീണ്ട പഠനമാണിത്. താത്പര്യമുള്ളവർക്ക് ന്യൂറോലിങ്ക് വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാവുന്നതാണ്.