കോഴിക്കോട്: നിപ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ. കോഴിക്കോട് കോർപ്പറേഷനിലെ ഏഴ് വാർഡുകളിലും ഫറുക്ക് മുനിസിപ്പാലിറ്റിയിലുമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളത്. വടകര താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളെയും കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ബാങ്കുകളും ട്രഷറികളും ഉച്ചയ്‌ക്ക് രണ്ട് വരെയും കടകൾ രാത്രി എട്ട് വരെയും പ്രവർത്തിക്കുന്നതിന് അനുമതി നൽകിയിട്ടുണ്ട്. ജില്ലയിൽ ഇന്നും പുതിയതായി നിപ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. പരിശോധനയ്‌ക്ക് അയച്ച 27 സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഒരാളെ കൂടി ഇന്നും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള 981 പേരാണ് നിലവിൽ ഐസൊലേഷനിൽ കഴിയുന്നത്. ചികിത്സയിൽ കഴിയുന്ന ഒമ്പത് വയസുകാരന്റെ നില കൂടുതൽ മെച്ചപ്പെട്ട് വരികയാണ്.