തിരുവനന്തപുരം: മുതലപ്പൊഴിലെ പ്രശ്‌നങ്ങൾ പഠിക്കാനായി കേന്ദ്രസംഘം നേരിട്ടെത്തി. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് നാഷ്ണൽ ഫിഷറീസ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പെത്തൂരി നെഹ്‌റുവും സംഘവും മുതലപ്പൊഴിയിൽ എത്തിയത്. മുതലപ്പൊഴിയിലെ അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനം കേന്ദ്ര സർക്കാരിന് സമർപ്പിച്ച പദ്ധതിയെ കുറിച്ച് വിലയിരുത്താനായാണ് കേന്ദ്രസംഘം നേരിട്ടെത്തിയത്.
മുതലപ്പൊഴിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതി രേഖയാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചത്. അഴിമുഖത്തെ ആഴം കൂട്ടൽ, ഫിഷ് ലാന്റിംഗ് സെന്റർ വിപുലികരണം, കടമുറികളുടെ നിർമ്മാണം, ശൗചാലയ സമുച്ചയം, ഡോർമെറ്ററികൾ, മാലിന്യ സംസ്‌കരണ പ്ലാന്റ്, വിശ്രമകേന്ദ്രം തുടങ്ങിയവയാണ് പ്രധാനമായി പദ്ധതിയിൽ ഉൾപ്പെടുത്തിട്ടുള്ളത്. പദ്ധതി പ്രദേശം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായാണ് നാഷ്ണൽ ഫിഷറീസ് ഡെവലപ്‌മെൻറ് ബോർഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്‌റുവും സംഘവും നേരിട്ട് മുതലപ്പൊഴിയിൽ എത്തിയത്.
തുടർനടപടികളുടെ ഭാഗമായി ഫിഷറീസ് ഡെവലപ്‌മെന്റ് ഡയറക്ടർ വിശദമായ റിപ്പോർട്ട് കേന്ദ്ര ഗവണ്മെന്റ്‌ന്റെ പ്രോജക്ട് കമ്മറ്റിയിൽ വയ്‌ക്കുകയും തുടർന്ന് പദ്ധതിയ്‌ക്ക് അംഗീകാരം ലഭിക്കുന്ന മുറയ്‌ക്ക് പദ്ധതി നടപ്പിലാക്കുകയും ചെയ്യും. ഏകദേശം മൂന്നുമാസ കാലയളവാണ് ഈ നടപടിക്രമങ്ങൾക്ക് വേണ്ടതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇരു ഹാർബറുകളുടെയും ശോചനീയാവസ്ഥ നേരിൽ കണ്ട് ബോധ്യപ്പെട്ടുവെന്നും, മത്സ്യത്തൊഴിലാളി സംഘടനകളുമായി പദ്ധതി രേഖയെ സംബന്ധിച്ചുള്ള
ചർച്ചകൾ നടത്തിയെന്നും സംഘം അറിയിച്ചു.