ഷില്ലോങ് ; ആദിശങ്കരാചാര്യരുടെ ജീവിതം അഭ്രപാളിയിലേയ്‌ക്ക് . പ്രശസ്ത സംവിധായകൻ അശുതോഷ് ഗോവാരിക്കറാണ് ‘ശങ്കർ’ എന്ന പേരിൽ ചരിത്രപരമായ സിനിമ ഒരുക്കുന്നത് . മധ്യപ്രദേശിലെ ഓംകാരേശ്വറിൽ ആദി ശങ്കര പ്രതിമ അനാച്ഛാദനം ചെയ്തതിനു പിന്നാലെയാണ് ചിത്രം പ്രഖ്യാപിച്ചത് .
ആദിശങ്കരാചാര്യരുടെ ജീവിതവും ജ്ഞാനവും വെള്ളിത്തിരയിലേക്ക് കൊണ്ടുവരാൻ അശുതോഷ് ഗോവാരിക്കറുമായി സഹകരിച്ചുള്ള ശ്രമമായാണ് ആചാര്യ ശങ്കർ സംസ്‌കൃത് ഏകതാ ന്യാസ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. “ആദിശങ്കരാചാര്യ ഇന്ത്യൻ ചരിത്രത്തിലെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ തത്വങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിൽ പ്രതിധ്വനിക്കുന്നു. ന്യാസ്, ഏകാത്മ ധം എന്നിവയുമായി സഹകരിച്ച് അദ്ദേഹത്തിന്റെ ജീവിതവും ജ്ഞാനവും സിനിമാറ്റിക് ക്യാൻവാസിൽ ചിത്രീകരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.“ അശുതോഷ് ഗോവാരിക്കർ പറഞ്ഞു.
“ആദിശങ്കരാചാര്യരുടെ തത്വങ്ങൾ, അദ്ദേഹത്തിന്റെ ബൗദ്ധിക വൈഭവം, സനാതന ധർമ്മത്തിന്റെ വൈവിധ്യമാർന്ന ധാരകളെ ഏകീകരിക്കാനുള്ള അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം എന്നിവയുടെ ആഴത്തിലുള്ള സ്വാധീനം പര്യവേക്ഷണം ചെയ്യേണ്ട സമയം തികച്ചും അനുയോജ്യമാണ്. ചലച്ചിത്ര നിർമ്മാതാവ് അശുതോഷ് ഗോവാരിക്കറുമായി ഞങ്ങൾ അതിനായി സഹകരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. – മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അഭിപ്രായപ്പെട്ടു