ഫോണിലെ ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പാസ് കീ ലോഗിൻ സൗകര്യം പരീക്ഷിക്കാനൊരുങ്ങി വാട്ട്‌സ്ആപ്പ്. പാസ്‌വേഡുകളൊന്നും തന്നെയില്ലാതെ സുരക്ഷ ഉറപ്പാക്കുന്നതിനും ഉപയോക്താക്കൾക്ക് പാസ്‌വേഡുകൾ ഓർത്തുവെയ്‌ക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. ഗൂഗിളും ആപ്പിളും തങ്ങളുടെ വെബ് ബ്രൗസറുകളിൽ ഇതിനോടകം തന്നെ പാസ്‌കീ സംവിധാനം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ മെറ്റ ഉൾപ്പെടെയുള്ള കമ്പനികളും പാസ്‌വേഡുകൾ ഒഴിവാക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
വാട്ട്‌സ്ആപ്പിൽ പാസ് കീ സംവിധാനം നിലവിൽ വരുന്നതോടെ ഉപയോക്താക്കളുടെ അനുവാദമില്ലാതെ മറ്റാർക്കും ആപ്പ് തുറക്കാനാകില്ല. നിലവിൽ വാട്ട്‌സ്ആപ്പിന്റെ ബീറ്റ വേർഷനിൽ മാത്രമാണ് പാസ്‌കീ ഫീച്ചർ ലഭ്യമാകുക. ഓൺ ഡിവൈസ് ഒതന്റിക്കേഷന് വേണ്ടിയാണ് ഗൂഗിൾ പാസ് കീ അനുവദിക്കുന്നത്. ഇത് തന്നെയാണ് വാട്ട്‌സ്ആപ്പിലും ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ മൾട്ടിപ്പിൾ ഡിവൈസ് ലോഗിൻ അടക്കം ഇത് ഉപയോഗിക്കാനാകും.
അതേസമയം വാട്ട്‌സ്ആപ്പ് ഒരു പ്രത്യേക ഐപാഡ് ആപ്പ് നിർമ്മിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മാക്ക് ഓഎസ്, വെബ് വേർഷനുകൾക്ക് സമാനമായിരിക്കും ഇത്. എന്നാൽ ഇതിൽ ലൈവ് ലൊക്കേഷൻ ഫീച്ചർ ഉണ്ടാകില്ല. വീഡിയോ, ഓഡിയോ കോൾ സൗകര്യം ലഭ്യമാണ്.