അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ പിന്നീട് ആജീവനാന്ത മരുന്നുകളുടെ സഹായത്തിലാകും ജീവൻ നിലനിർത്തുക. അവയവം മാറ്റി വെക്കപ്പെടുന്ന സമയം മുതൽ മരുന്നുകളുടെ സഹായത്തോടെയാകും പ്രവർത്തനം. എന്നാൽ ബ്രിട്ടണിൽ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ വംശജയായ എട്ട് വയസുകാരി അതിഥി.
യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) റിപ്പോർട്ട് പ്രകാരം, അവയവമാറ്റ ശസ്ത്രക്രിയ ചെയ്ത അതിഥി മരുന്നില്ലാതെയാകും ഇനി ജീവിക്കുക എന്നാണ്. ആരോഗ്യരംഗത്ത് ആദ്യമായാണ് അവയവ മാറ്റം നടത്തിയ ഒരാൾ മരുന്നില്ലാതെ ജീവിക്കുന്നത്. രോഗപ്രതിരോധ സംവിധാനത്തിൽ നടത്തിയ മാറ്റങ്ങളാണ് ഇതിന് പിന്നിൽ. അപൂർന ജനിതക രോഗബാധിതയായിരുന്നു അതിഥി ശങ്കർ എന്ന എട്ടുവയസുകാരി. ആരോഗ്യനില വഷളാകുന്നുവെന്ന കണ്ടതോടെ അമ്മയുടെ മജ്ജ സ്വീകരിച്ചു. മൂന്ന് മാസങ്ങൾക്ക് ശേഷം കുട്ടിയ്‌ക്ക് വൃക്കയും അമ്മ നൽകി. എന്നാൽ ശസ്ത്രക്രിയയ്‌ക്ക് ശേഷം അത്ഭുതം സംഭവിക്കുകയായിരുന്നുവെന്ന് ഡോക്ടർമാർ പറയുന്നു.
മറ്റാരാളുടെ അവയവം നമ്മുടെ ശരീരത്തിൽ തുന്നിച്ചേർത്താൽ ശരീരം അതിനെ സ്വീകരിക്കില്ല. അതുകൊണ്ട് മരുന്നിന്റെ സഹായത്തിലാണ് അവ പ്രവർത്തിക്കുക. എന്നാൽ അതിഥിയുടെ ശരീരത്തിൽ അങ്ങനെ സംഭവിച്ചില്ല. അമ്മയുടെ വൃക്ക അവളുടെ ശരീരത്തിൽ കൃത്യമായി പ്രവർത്തിച്ചു, മറ്റ് മരുന്നുകളുടെ സഹായമില്ലാതെ തന്നെ. തന്റെ കരിയറിൽ ആദ്യത്തെ സംഭവമാണ് ഇതെന്ന് ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നൽകിയ ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജിലെ പീഡിയാട്രിക് നെഫ്രോളജി ആൻഡ് ട്രാൻസ്പ്ലാൻറേഷൻ പ്രൊഫസർ സ്റ്റീഫൻ മാർക്ക് പറഞ്ഞു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്തപ്പോൾ തന്നെ അവളുടെ ശരീരം അമ്മയുടേതിന് സമാനമായി പ്രവർത്തിച്ച് തുടങ്ങിയിരുന്നു. അമ്മയുടെ പ്രതിരോധ ശേഷി അവൾക്ക് ലഭിച്ചതായും ഡോക്ടർ സൂചിപ്പിച്ചു. ഇതാണ് വൃക്കകൾ പ്രവർത്തിക്കാൻ കാരണമായത്. സമാനമായ രീതിയിൽ മജ്ജയും അവയവും ഒരേ ദാതാവിൽ നിന്ന് സ്വീകരിച്ച് മറ്റ് രേഗികളെയും രക്ഷിക്കാൻ കഴിയുമോയെന്ന് പഠനം നടത്തുമെന്നും വൈദ്യശാസ്ത്രജ്ഞർ പറഞ്ഞു.
മരണവുമായി മല്ലിടുന്നതിനിടെയിാലണ് പരീക്ഷണമെന്നവണ്ണം അതിഥിക്ക് അമ്മയുടെ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയത്. പ്രകടമായ മാറ്റം കണ്ടെങ്കിലും വൃക്കകളുടെ പ്രവർത്തനം പൂർണമായും നിലച്ചിരുന്നു. ചെറിയ ശരീരത്തിൽ അമിതമായി ഡയാലിസിസ് ചെയ്തിനാൽ വളരെ ക്ഷീണതയായിരുന്നു അതിഥി. തുടർന്ന് ജീവൻ രക്ഷിക്കാനുള്ള അവസാന ശ്രമം എന്ന രീതിയിലാണ് വൃക്ക മാറ്റി വെച്ചത്. മജ്ജ മാറ്റി വെച്ച ശരീരത്തിൽ വൃക്കകൾ പ്രവർത്തക്ഷമമാകുമോയെന്ന ആശങ്ക ഡോക്ടർമാർക്കുണ്ടായിരുന്നു. എന്നാൽ ജീവൻ രക്ഷിച്ചതിനൊപ്പം പുതുചരിത്രം കൂടിയാണ് സൃഷ്ടിക്കപ്പെട്ടത്. വൃക്ക മാറ്റിവെച്ച് മാസങ്ങൾക്കുള്ളിൽ തന്നെ അതിഥി തിരികെ ജീവിതത്തിലേക്കെത്തി. പൂർണ ആരോഗ്യവതിയാണ് കുട്ടി ഇപ്പോൾ.















