ലക്‌നൗ: ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിലെ ദീപാവലിയാഘോഷങ്ങൾക്ക് തുടക്കമിട്ട് യോഗി ആദിത്യനാഥ് സർക്കാർ. ദീപാവലി മഹോത്സവവുമായി ബന്ധപ്പെട്ട് പുണ്യ നഗരമായ അയോദ്ധ്യയെ ദീപാലങ്കൃതമാക്കും. ഇത്തവണത്തെ ദീപോത്സവത്തിൽ സരയൂ തീരത്ത് 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് വീണ്ടും ചരിത്രം സൃഷ്ടിക്കാനാണ് ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം. ഇതിനായി 25,000 സന്നദ്ധപ്രവർത്തകരെ നിയോഗിക്കും. നവംബർ 9 മുതൽ 12 വരെ ആഘോഷങ്ങൾ ഉണ്ടാകും. ദീപാവലി ദിനമായ നവംബർ 12നാണ് ദീപോത്സവം നടക്കുന്നത്.
ദീപോത്സവത്തിന്റെ ദിനങ്ങളിൽ സരയൂ ആരതി പ്രധാന ചടങ്ങാണ്. കൂടാതെ അയോദ്ധ്യയിലെ എല്ലാം ക്ഷേത്രങ്ങളും ദീപങ്ങളാൽ അലങ്കരിക്കും. ലോകമെമ്പാടുമുള്ള വിശ്വസികൾ അയോദ്ധ്യയുടെ തിരിച്ചു വരവ് ഏറെ ആകാംക്ഷയോടെയാണ് നോക്കികാണുന്നത്. ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദീപോത്സവത്തിന് സാക്ഷ്യം വഹിക്കാനെത്തുമെന്നാണ് പ്രതീക്ഷ.
ധർമ്മ നഗരിയുടെ വികസനത്തിന് യുപി സർക്കാർ പ്രഥമ പരിഗണനയാണ് നൽകിയിട്ടുള്ളത്. 2017- മുതൽ ഉത്തർപ്രദേശ് സർവ്വ പ്രൗഢിയോടും കൂടിയാണ് ദീപോത്സവ് ആഘോഷിക്കുന്നത്. ദീപോത്സവത്തിന്റെ ഭാഗമായി 2017-ൽ ‘രാമ് കി പൈഡി’ 1. 71 ലക്ഷം ദീപങ്ങൾ കൊണ്ട് അലങ്കരിച്ച് ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. അതിനുശേഷം 2018ൽ 3.01 ലക്ഷം, 2019-ൽ 4.04 ലക്ഷം, 2020-ൽ 6.06 ലക്ഷം, 2021-ൽ 9.41 ലക്ഷം, എന്നിങ്ങനെയായിരുന്നു ദീപോത്സവത്തിന് ദീപങ്ങൾ അണിനിരന്നത്. 2022-ൽ ഉത്തർപ്രദേശ് തന്നെ ഈ റെക്കോർഡ് തിരുത്തിക്കുറിച്ചിരുന്നു. 15-ലക്ഷം ദീപങ്ങളാണ് അലങ്കാരത്തിനായി അന്ന് ഉപയോഗിച്ചത്. ഇത്തവണ ദീപാവലി വേളയിൽ, പുണ്യഭുമിയിൽ 21 ലക്ഷം ദീപങ്ങൾ തെളിയിച്ച് ദീപോത്സവം സംഘടിപ്പിക്കും.
ഉത്സവവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികളാണ് അയോദ്ധ്യയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്. സർക്കാരും ഭരണകൂടവും ജനങ്ങളും സംയുക്തമായി ചേർന്നു കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ പുണ്യ കേന്ദ്രങ്ങളിലൊന്നായ രാമജന്മഭൂമിയെ പ്രശോഭിതമാക്കാനൊരുങ്ങുകയാണ്. ഏഴാമത് ദീപോത്സവത്തിന് വേണ്ട കർമ്മ പദ്ധതികൾ അയോദ്ധ്യ ചീഫ് ഡെവലപ്‌മെന്റ് ഓഫീസർ അനിത യാദവിന്റെ അദ്ധ്യക്ഷതയിലുള്ള കമ്മിറ്റിയിൽ തീരുമാനിക്കും.
ദീപോത്സവത്തിന്റെ തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് അനിത യാദവിന്റെ നേതൃത്വത്തിൽ ഇന്നലെ യോഗം ചേർന്നിരുന്നു. ദീപോത്സവ പരിപാടിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകൾക്കും ചുമതല നൽകി. ജില്ലാ മജിസ്‌ട്രേറ്റിന്റെ റസിഡൻഷ്യൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ കൾച്ചർ, ഇൻഫർമേഷൻ, ടൂറിസം, മുനിസിപ്പൽ കോർപ്പറേഷൻ, ഗതാഗതം, ഇലക്ട്രിസിറ്റി, ജലസേചനം, പൊതുമരാമത്ത് വകുപ്പ്, മെഡിക്കൽ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർമാർ പങ്കെടുത്തു. തുടർന്ന് അവരുടെ വകുപ്പുകളിൽ നിന്നുള്ള തയ്യാറെടുപ്പുകളെ കുറിച്ച് വിവരങ്ങൾ നൽകി. ഒരാഴ്ചക്കകം ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.