എറണാകുളം: ശ്രീരാമകൃഷ്ണ മിഷനിൽ നിന്നും നിക്ഷേപമായി സ്വീകരിച്ച 130 കോടി രൂപ കാലാവധി പൂർത്തിയായിട്ടും തിരിച്ചുനൽകാത്തതിനെ തുടർന്ന് കേരള ഗതാഗത വികസന ധനകാര്യ കോർപറേഷന്റെ (കെടിഡിഎഫ് സി) ബാങ്കിംഗ് ഇതര ലൈസൻസ് റിസർവ്വ് ബാങ്ക് റദ്ദാക്കും. റിസർവ്വ് ബാങ്ക് ഗവർണർ പ്രത്യേക ദൂതൻ വഴി ലൈസൻസ് റദ്ദാക്കുന്ന വിവരം കെടിഡിഎഫ് സിയെ അറിയിച്ചു.
കെടിഡിഎഫ്‌സി എന്ന സ്ഥാപനം സർക്കാർ രൂപീകരിച്ചത് കെഎസ്ആർടിസിയ്‌ക്ക് ഫണ്ട് കണ്ടെത്താൻ വേണ്ടിയാണ്. ബാങ്കുകളിൽ നിന്നടക്കം വായ്പ എടുത്ത് കൊണ്ടാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. കാലാവധി എത്തിയ 28 ഓളം സ്ഥിരനിക്ഷേപങ്ങളാണ് മഠത്തിന് നൽകാനുള്ളത്. കയ്യിൽ പണമില്ലെന്ന ന്യായമാണ് കെടിഡിഎഫ്‌സി നിരത്തുന്നത്. ഇതൊടയാണ് മഠം അധികൃതർ നിയമനടപടികളിലേക്ക് കടന്നത്. തുടർന്ന് മഠം റിസർവ് ബാങ്കിനെ സമീപിച്ചു. ഇതോടെ പണം കേരള സർക്കാർ നൽകണമെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ് റിസർവ്വ് ബാങ്ക് അധികൃതർ. റിസർവ്വ് ബാങ്ക് ഗവർണറുടെ ഈ നിർദേശം കാട്ടി ഹൈക്കോടതിയെ സമീപിക്കാൻ പോവുകയാണ് ശ്രീരാമകൃഷ്ണ മിഷൻ അധികൃതർ. സർക്കാർ ഗ്യാരണ്ടി നൽകിയ തുകയായതിനാൽ ഹൈക്കോടതിയ്‌ക്കും ആർബിഐ നിർദേശത്തെ ശരിവെയ്‌ക്കാനേ കഴിയൂ.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കേരള ബാങ്ക് 356 കോടി രൂപ കെടിഡിഎഫ് സിക്ക് വായ്പയായി നൽകിയിരുന്നു. ധനകാര്യമന്ത്രിയായിരുന്ന തോമസ് ഐസക്കിന്റെ നിർദേശപ്രകാരമായിരുന്നു ഈടൊന്നുമില്ലാതെയാണ് കേരളാ ബാങ്ക് ഈ വായ്പ നൽകിയത്. 356 കോടി രൂപ ഇപ്പോൾ പലിശയും കൂട്ടുപലിശയും ആയി 900 കോടി രൂപ കവിഞ്ഞിരിക്കുകയാണ്.















