ഫോട്ടോ ലാബിൽ കയറി മുഖത്തിന്റെ ഛായ മാറ്റി പരീക്ഷിക്കാത്തവർ വിരളമായിരിക്കും. വമ്പൻ ട്രെൻഡിംഗായി മുന്നേറുകയാണ് എഐ അധിഷ്ടിത ആപ്പായ ഫോട്ടോ ലാബ്. ഇത് ആദ്യമായല്ല പെട്ടെന്ന് വന്ന് വമ്പൻ ഹിറ്റായി അതിലും വേഗത്തിൽ പടിയിറങ്ങുന്ന ആപ്പുകൾ. അത്തരത്തിലൊരു ആപ്പാണോ ഇതെന്ന സംശയം നിഴലിക്കുന്നുണ്ട്.
സ്വന്തം ഫോട്ടോകൾ എഡിറ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ട്രെൻഡിനൊപ്പം സഞ്ചരിക്കുകയാണ് ആളുകൾ. ഡിജിറ്റൽ ഫോട്ടോകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഒരു ഫോട്ടോ എഡിറ്റിംഗ് ആപ്പാണ് ഫോട്ടോ ലാബ്. മീ. പലതരത്തിലുള്ള ഫിൽട്ടറുകൾ, ആർട്ട് ഫ്രെയിമുകൾ, ഫേസ് ഇഫക്ടുകൾ എന്നിവയെല്ലാം ആപ്പിലുണ്ട്. ആപ്പിലെ ടെംപ്ലേറ്റുകളിലേക്ക് ഫോട്ടോകൾ അപ് ലോഡ് ചെയ്താൽ വളരെ എളുപ്പത്തിൽ ആപ്പ് ക്രിയേറ്റീവായ രീതിയിൽ പുനരാവിഷ്‌കരിച്ച് തരും. ഇതുവരെ 100 മില്യൺ ആളുകളാണ് ആപ്പിൽ കയറി മുഖം മിനുക്കിയത്.
ഇത്തരത്തിൽ ആപ്പിൽ കയറി മുഖം മിനുക്കിയവർക്ക് പണി വരുന്നുണ്ടെന്ന മുന്നറിയിപ്പാണ് സാങ്കേതിക വിദഗ്ധർ നൽകുന്നത്. പ്ലേ സ്റ്റോറിൽ ഡൗൺലോഡ് ചെയ്ത് ആപ്പിൽ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഫിൽറ്ററുകൾ മാറ്റിയാൽ രൂപവും ഭാവവും മാറും. ഡൗൺലോഡ് ചെയ്യുമ്പോൾ കാണിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെയാണ് പലരും ഇത്തരത്തിലുള്ള ആപ്പുകൾ ഉപയോഗിക്കുന്നത്. സ്വകാര്യ വിവരങ്ങളിലേക്ക് കൂടിയാണ് ഈ ആപ്പുകൾ കൈകടത്തുന്നത്. ക്യാമറ ആക്സസ്, കോൺടാക്റ്റുകൾ, ഗ്യാലറി, കോൾസ് എന്നിങ്ങനെ പലതരത്തിലുള്ള പെർമിഷനുകളാണ് ചോദിക്കുന്നത്. ആപ്പുകളുടെ സുഗമമായ പ്രവർത്തനത്തിന് ഇത്തരം പെർമിഷനുകൾ ആവശ്യമാണെന്നത് വസ്തുതയാണ്. പലപ്പോഴും ചില ആപ്പുകൾ അവർക്കാവശ്യമില്ലാത്ത പെർമിഷനുകൾ ചോദിക്കാറുണ്ട്.
പലപ്പോഴും ഇത്തരം ആക്സസുകൾ കൊടുക്കുമ്പോൾ നമ്മൾ കരുതുന്നത് ഒരു പ്രത്യേക വിവരം മാത്രമാണ് ഈ ആപ്പുകൾ ശേഖരിക്കുന്നതെന്നാണ് എന്നാൽ അങ്ങനെയല്ല നമ്മൾ ഗ്യാലറിയുടെ പെർമിഷൻ കൊടുക്കുമ്പോൾ നമ്മൾ എഡിറ്റ് ചെയ്യാനുപയോഗിക്കുന്ന ഫോട്ടോയുടെ വിവരങ്ങൾ മാത്രമല്ല ആപ്പുകൾ എടുക്കുന്നത് നമ്മുടെ ഗ്യാലറിയിലെ മുഴുവൻ കണ്ടെന്റുകളുമാണ്. നമ്മുടെ വിവരങ്ങൾ ശേഖരിക്കുകയും അവ വിൽപന നടത്തുന്നുണ്ടെന്നുമാണ് പഠനങ്ങൾ പറയുന്നത്. ഇതുകൂടാതെ ഫിഷിംഗ് സൈറ്റുകളിലേക്ക് ഉപയോക്താക്കളെ റീ ഡയറക്ട് ചെയ്യുകയും മാൽവെയറുകൾ നമ്മുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും. ഇത്തരത്തിൽ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനാൽ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താലും നമ്മുടെ വിവരങ്ങൾ ചോർത്താനാകും. അതുകൊണ്ട് ഛായ മാറ്റാനൊരുങ്ങുമ്പോൾ ജാഗ്രത പുലർത്തണം. ഉപയോഗിക്കുന്ന ആപ്പുകൾ സുരക്ഷിതമാണോ എന്ന് ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കേണ്ടതാണ്.