ചലചിത്ര രംഗത്തെ സമഗ്ര സംഭാവനയ്‌ക്ക് രാജ്യം നൽകുന്ന ആദരമാണ് ദാദാസാഹേബ്
ഫാൽക്കെ പുരസ്‌കാരം, ഈ വർഷത്തെ പുരസ്‌കാരത്തിന് അർഹയായത് പ്രശസ്ത നടി വഹീദ റഹ്‌മാനാണ്. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹേബ്
ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ 1969 മുതലാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്. ആ വർഷം നടി ദേവികാ റാണിക്കായിരുന്നു അവാർഡ് സമ്മാനിച്ചത്. തുടർന്ന് നിരവധി ചലചിത്ര പ്രതിഭകളാണ് പുരസ്‌കാരത്തിന് അർഹരായത്. ദാദാസാഹേബ്
ഫാൽക്കെ പുരസ്‌കാരം നൽകി ഭാരതം ആദരിച്ച അഭിനേതാക്കളെ അറിയാം…..
2020-ൽ അവാർഡ് ലഭിച്ചത് മുതിർന്ന നടി ആശാ പരേഖിനായിരുന്നു.
സൂപ്പർസ്റ്റാർ രജനീകാന്തിനെ 2019-ൽ ഈ പുരസ്‌കാരം നൽകി ആദരിച്ചു. പത്മഭൂഷൺ (2000), പത്മവിഭൂഷൺ (2016) എന്നിവയും നടന് സ്വന്തമാണ്
2018-ൽ അമിതാഭ് ബച്ചൻ ഈ ബഹുമതി നേടി. ബോളിവുഡിന്റെ ഷഹെൻഷാ എന്നറിയപ്പെടുന്ന അദ്ദേഹം അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 200-ലധികം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.
2017-ൽ വിനോദ് ഖന്ന ദാദാസാഹേബ് ഫാൽക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയിരുന്നു. 1970 കളിൽ ഹിന്ദി സിനിമകളിലെ അഭിനയത്തിലൂടെയാണ് താരം പ്രധാനമായും അറിയപ്പെടുന്നത്.
2015-ൽ മനോജ് കുമാറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് ബഹുമതി ലഭിച്ചു. രാജ്യസ്നേഹിയായ നായകനെന്ന പ്രതിച്ഛായയ്‌ക്ക് അദ്ദേഹത്തിന് സ്വന്തമാണ്. 1957-ൽ ഫാഷൻ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് മനോജ് കുമാർ അരങ്ങേറ്റം കുറിച്ചത്.
2014-ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവായിരുന്നു ശശി കപൂർ. 1961-ൽ പുറത്തിറങ്ങിയ ധർമ്മപുത്ര എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്.
പ്രതിനായക കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ പ്രാൺ ആണ് 2012-ൽ ദാദാസാഹേബ്
ഫാൽക്കെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയത്. 50 വർഷം നീണ്ട തന്റെ കരിയറിൽ ഹിന്ദി സിനിമകളിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെയാണ് പ്രാൺ കൂടുതലും അറിയപ്പെടുന്നത്.