വെറും രണ്ട് മണിക്കൂർ കൊണ്ട് ശരീര ഭാരം കുറച്ച് റെക്കോർഡ് സൃഷ്ടിച്ച് 69 കാരൻ. റഷ്യൻ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിൽ നിന്നുള്ള ബഹാമ ഐഗുബോവ് എന്ന 69 കാരനാണ് ലോക ശ്രദ്ധപിടിച്ചു പറ്റിയിരിക്കുന്നത്. 2.5 മണിക്കൂറുള്ള ഓട്ടമത്സരത്തിൽ പങ്കെടുത്തതിനെ തുടർന്ന് ബഹാമ 11 കിലോ ഭാരം കുറച്ചെന്നാണ് റിപ്പോർട്ടുകൾ.
ബഹാമ ഐഗുബോവിന്റെ പേരിൽ 2019ൽ അഞ്ച് മണിക്കൂർ നീണ്ട ഓട്ടത്തിൽ 9.3 കിലോ കുറച്ചെന്ന റഷ്യൻ ബുക്ക് ഓഫ് റെക്കോർഡും ഉണ്ട്. ഇപ്പോൾ 21 കിലോമീറ്റർ ഓട്ടത്തിന് ശേഷമാണ് പുതിയ റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ ഐഗുബോവിന്റെ വീഡിയോ നിമിഷനേരങ്ങൾക്കുള്ളിലാണ് വൈറലായത്. വീഡിയോയിൽ ഐഗുബോവ് ട്രാക്കിലൂടെ ഓടുന്നത് കാണാം. ചെറുപ്പത്തിൽ തന്നെ ഗുസ്തി അഭ്യസിച്ചിരുന്നതിനാൽ ദ്രുതഗതിയിൽ ശരീരഭാരം കുറയ്‌ക്കാൻ താൻ പഠിച്ചെന്നാണ് ഐഗുബോവ് പറയുന്നത്.
https://x.com/RebeccaRambar/status/1704865816787960066?s=20
എന്നാൽ, ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ് ഇതുവരെയും ഐഗുബോവിന്റെ റെക്കോർഡ് അംഗീകരിച്ചിട്ടില്ല. ഇത്തരത്തിൽ മണിക്കൂറുകൾകൊണ്ട് ശരീരഭാരം കുറയ്‌ക്കുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനാണ് ഇത് അംഗീകരിക്കാത്തത്. മണിക്കൂറുകൾക്കുള്ളിൽ ശരീര ഭാരം കുറയ്‌ക്കുന്നത് അപകടകരമായ പരീക്ഷണമാണെന്നാണ് ഗിന്നസ് ബുക്കിന്റെ അഭിപ്രായം.
ജൂഡോ, സാംബോ, ഗ്രീക്കോ-റോമൻ ഫ്രീസ്‌റ്റൈൽ ഗുസ്തി എന്നിവയിൽ വൈദഗ്‌ദ്ധ്യം നേടിയിട്ടുള്ള ആളാണ് ഐഗുബോവ് എന്നാണ് റിപ്പോർട്ടുകളിലുള്ളത്. ശരീരഭാരം കുറയ്‌ക്കാനുള്ള വൈദഗ്ധ്യം ചെറിയപ്രായം മുതൽ ഇയാൾ നേടിയിരുന്നു. ചെറുപ്പത്തിൽ വളരെ പെട്ടെന്ന് 17 കിലോ വരെ ഭാരം കുറച്ചിരുന്നതായാണ് അദ്ദേഹത്തിന്റെ വാദം. വാർദ്ധക്യത്തിൽ വണ്ണം കുറയ്‌ക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, എന്നാൽ ഇപ്പോഴും ഈ നേട്ടം കൈവരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.