ചെന്നൈ: ഊട്ടി കൂനൂരിൽ ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിച്ചു. നിതിൻ (15), ബേബികല (36), മുരുകേശൻ (65), മുപ്പിഡത്തേ (67), കൗസല്യ (29) എന്നിവരാണ് മരിച്ച അഞ്ചുപേർ. മൂന്നുപേരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നിരവധി പേരെ പരിക്കുകളോടെ കൂനൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിൽ നിന്ന് 50 അടി താഴ്ചയിലുള്ള കൊക്കയിലേക്കാണ് ബസ് മറിഞ്ഞത്.
ഊട്ടിയിൽ നിന്ന് തിരികെ വരികയായിരുന്ന ബസിൽ 55 പേരാണുണ്ടായിരുന്നത്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. മരണസംഖ്യ കൂടിയേക്കാമെന്നാണ് വിവരം. തെങ്കാശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പാലത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്. ഉടൻ പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.