മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധനേടി ജൈത്രയാത്ര തുടരുന്ന ‘കണ്ണൂർ സ്ക്വാഡി’ന്റെ വിജയം വീട്ടിൽ വച്ച് ആഘോഷമാക്കി മമ്മൂട്ടി. ചിത്രത്തിന്റെ സംവിധായകനായ റോബി വർഗീസ് രാജ്, റോണി ഡേവിഡ്, സുഷിൻ ശ്യാം, ശബരീഷ് തുടങ്ങി സിനിമയിലെ താരങ്ങളും അണിയറപ്രവർത്തകരും വിജയം ആഘോഷിക്കാൻ എത്തിയിരുന്നു. നടൻ കുഞ്ചാക്കോ ബോബനും ‘കണ്ണൂർ സ്ക്വാഡി’ന്റെ വിജയാഘോഷത്തിൽ പങ്കെടുത്തു.
തിയേറ്ററുകളിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെപ്റ്റംബർ 28-ന് റിലീസ് ചെയ്ത ചിത്രം ഒന്നാം ദിവസം ആറ് കോടി രൂപയാണ് ആഗോളതലത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഹൈപ്പില്ലാതെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. എന്നാൽ ഇപ്പോഴും തിയേറ്ററിൽ ഹൗസ്ഫുള്ളായി പ്രദർശനം തുടരുകയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
മെഗാസ്റ്റാറിന്റെ നിർമ്മാണ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ മൂന്നാമത്തെ ചിത്രമാണിത്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും കണ്ണൂർ സ്ക്വാഡിനുണ്ട്. ഗ്രേറ്റ്ഫാദർ, വെള്ളം, ജോൺ ലൂഥർ തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘കണ്ണൂർ സ്ക്വാഡ്’. റോബി വർഗീസ് രാജിന്റെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റോണി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്.
അതേസമയം ‘കണ്ണൂർ സ്ക്വാഡി’നെ ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി മമ്മൂട്ടി നന്ദി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് നന്ദി അറിയിച്ചത്. ‘കണ്ണൂർ സ്ക്വാഡിന് നൽകിയ പിന്തുണ ഞങ്ങൾ മുഴുവൻ ടീം അംഗങ്ങളുടെയും ഹൃദയം നിറയ്ക്കുന്നു. നിങ്ങൾ ഓരോരുത്തർക്കും വളരെയധികം നന്ദിയുണ്ട്. നാമെല്ലാവരും ആഴത്തിൽ വിശ്വസിക്കുകയും ആത്മാർത്ഥമായി പരിശ്രമിക്കുകയും ചെയ്ത സിനിമയാണിത്. ഇത്രയധികം സ്നേഹം ലഭിച്ചതിന് വളരെ സന്തോഷമുണ്ട്’-എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു.