ഇസ്ലാമബാദ്: നിരോധിത ഭീകരസംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ സ്ഥാപകൻ ഹാഫീസ് സയീദിന് കനത്ത തിരിച്ചടി. ഹാഫിസ് സയീദുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന മുഫ്തി ഖൈസർ ഫാറൂഖ് അഞ്ജാതരുടെ വെടിയേറ്റ് മരിച്ച വിവരമാണ് പുറത്ത് വന്നത്. ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. രണ്ട് സംഭവങ്ങളും ആഗോള ഭീകരനായ ഹാഫീസ് സയീദിന് വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്. മുഫ്തി ഖൈസർ ഫാറൂഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല.
മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഇസ്ലാമിക കൊടും ഭീകരൻ ലഷ്‌കറിന്റെ മുതിർന്ന നേതാവ് ഹാഫീസ് സയീദ് നിലവിൽ പാകിസ്താനിലാണ്. ഐക്യരാഷ്‌ട്രസഭയും ഹാഫീസിനെ ഭീകരനായി പ്രഖ്യാപിക്കുകയും 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഹാഫീസ് സയീദ് സ്ഥാപിച്ച ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയെ 2001 ൽ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തിയിരുന്നു. പിന്നീട് അമേരിക്കയുടെ സമ്മർദ്ദത്തെ തുടർന്ന് ലഷ്‌കർ ഇ ത്വയ്ബയെ 2002 ൽ തന്നെ പാകിസ്താൻ നിരോധിച്ചു.വിലക്ക് വന്നതിനെ തുടർന്ന് ലഷ്‌കർ തൊയിബ പേര് മാറ്റി ജമാത് ഉത് ദവ എന്ന പേരിലാണ് പാക് മണ്ണിൽ പ്രവർത്തിക്കുന്നത്.
അമേരിക്ക തെളിവുകൾ നിരത്തിയിട്ടും കൊടും ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടും സയീദിനെ വിട്ട് നൽകാൻ പാകിസ്താൻ തയ്യാറായിരുന്നില്ല. പാക് സർക്കാരിന്റെ പൂർണ്ണ പിന്തുണയൊടെയാണ് ഇയാൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണങ്ങളും ഭീകര സംഘടനകൾക്കായി ഫണ്ടിംഗും നടത്തിയത്. ലാഹോറിനടുത്തുള്ള ഹാഫിസിന്റെ ആസ്ഥാനം ഐഎസ്ഐയുടെ കാവലിലാണ്. പാക് സൈനിക ചടങ്ങുകളിൽ പതിവായി അതിഥിയാണ് ഹാഫീസ് സയീദ്.
മുഗൾ സാമ്രാജ്യത്തിന്റെ പുനഃസ്ഥാപനവും ഇന്ത്യയുടെ നാശവും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നതെന്ന് ഇയാൾ പല തവണ പൊതുവേദിയിൽ പ്രസംഗിച്ചിട്ടുണ്ട്. ഒസാമ ബിൻ ലാദനുമായി അടുത്ത പങ്കാളികളായിരുന്നു ഹാഫീസ്. കാശ്മീരിലെ മുസ്ലീ ജനത കൂടുതലായി താമസിക്കുന്ന ഭാഗങ്ങൾ പാകിസ്താനു വേണ്ടി തിരിച്ചുപിടിക്കുന്നതാണ് ഹാഫീസ് സയീദ് മുന്നോട്ടുവച്ച ലഷ്‌കറിന്റെ പ്രത്യയശാസ്ത്രം.
ആഗോള ഭീകരൻ ഹാഫീസ് സയീദിന്റെ മക്കളിൽ ഒരാളായ കമാലുദ്ദീൻ സയീദിനെ പെഷവാറിൽ വെച്ച് കാറിലെത്തിയ അജ്ഞാതർ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പാകിസ്താനിലെ പെഷവാറിൽ നിന്ന് ”അജ്ഞാതർ” തട്ടിക്കൊണ്ടുപോയ കമാലുദ്ദീന്റെ മൃതദേഹം ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയിൽ കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട് .
ശരീരത്തിൽ നിരവധി മുറിവുകളും ഉള്ളതായി പറയപ്പെടുന്നു.കറാച്ചിയിൽ വച്ചാണ് ഹാഫീസ് സയീദിന്റെ കൂട്ടാളി മുഫ്തി ഖൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചു കൊന്നത്. ലഷ്‌കർ-ഇ-തൊയ്ബ ആദ്യ അംഗങ്ങളിൽ ഒരാളാണ് മുഫ്തി ഖൈസർ ഫാറൂഖ്.