കോഴിക്കോട്: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കോടഞ്ചേരി സ്വദേശികളായ ബിന്ദു(46), ബിന്ദുവിന്റെ മാതാവ് ഉണ്ണിയാത (69) എന്നിവർക്കാണ് പരിക്കേറ്റത്. ബിന്ദുവിന്റെ ഭർത്താവ് ഷിബു (52) ആണ് ഇരുവരെയും ക്രൂരമായി ആക്രമിച്ചത്. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
ബിന്ദുവും ഷിബുവും രണ്ട് വർഷത്തോളമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. തുടർന്ന് ഇന്ന് രാവിലെ വീട്ടിലെത്തിയ ഇയാൾ ബിന്ദുവിനെയും അമ്മയെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഉണ്ണിയാതയുടെ ഒരു കൈവിരൽ വേർപ്പെട്ടു. ബിന്ദുവിന്റെ തലയ്‌ക്കും തോളിനും കൈയ്‌ക്കുമാണ് വെട്ടേറ്റത്. ഇവരെ ആദ്യം താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ആക്രമണത്തിനു പിന്നാലെ ഷിബു ഒളിവിലാണ്.