ന്യൂഡൽഹി: കാനഡയോട് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഇന്ത്യ. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിലേക്ക് കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കുകയോ കോൺസുലേറ്റുകൾ അടച്ചുപൂട്ടുകയോ ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയമാണ് കനേഡിയൻ സർക്കാരിനോട് ആവശ്യം മുന്നോട്ടുവെച്ചിരിക്കുന്നത്.
30 ഇന്ത്യൻ നയതന്ത്ര പ്രതിനിധികളാണ് നിലവിൽ കാനഡയിലുള്ളത്. എന്നാൽ ഇതിന്റെ മൂന്നിരട്ടി കനേഡിയൻ പ്രതിനിധികൾ ഇന്ത്യയിലുണ്ട്. നിജ്ജാർ കൊലപാതകവുമായി ബന്ധപ്പെട്ട് അരങ്ങേറിയ തർക്കങ്ങളുടെ ആദ്യ ഘട്ടത്തിൽ തന്നെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്‌ക്കാൻ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡ തയ്യാറാകാത്തതോടെയാണ് ഇന്ത്യ സ്വരം കടുപ്പിച്ചിരിക്കുന്നത്.
അടുത്ത അഞ്ച് ദിവസത്തിനകം അധികമായുള്ള ഉദ്യോഗസ്ഥർ രാജ്യം വിടണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കനേഡിയൻ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി വിവരം അറിയിക്കുകയായിരുന്നു. ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കിയതിന് പിന്നാലെ കനേഡിയൻ പ്രതിനിധിയെ ഇന്ത്യയും പുറത്താക്കിയിരുന്നു.
അതേസമയം ഇന്ത്യ- കാനഡ ബന്ധം പഴയരീതിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഇരു രാജ്യങ്ങളുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും വിഷയം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമേരിക്കൻ സ്റ്റേറ്റ് വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.