ന്യൂഡൽഹി: ഡൽഹി പോലീസ് അറസ്റ്റ് ചെയ്ത പാക്-ഐഎസ് ഭീകരർ രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിൽ ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തൽ. അയോദ്ധ്യയിലെ രാമക്ഷേത്രം, ഡൽഹി അക്ഷർധാം ക്ഷേത്രം എന്നിവിടങ്ങളിൽ ആക്രണം നടത്താൻ ഇവർ പദ്ധതി ഇട്ടിരുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. തിരക്കേറിയ മാർക്കറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ സ്‌ഫോടനം നടത്താനും ഇവർ പദ്ധതി ഇട്ടു. ഇതിന് പുറമെ നിരവധി ബിജെപി, ആർഎസ്എസ് നേതാക്കളേയും ഇവർ ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
മുഹമ്മദ് ഷാനവാസ് ആലം എന്ന മുഹമ്മദ് ഇബ്രാഹിം(31), മുഹമ്മദ് റിസ്വാൻ അഷ്‌റഫ് (28), മുഹമ്മദ് അർഷാദ് വാർസി (29) എന്നിവരാണ് എൻഐഎയും ഡൽഹി പോലീസ് സെല്ലും സംയുക്തമായി നടത്തിയ പരിശോധനയ്‌ക്കിടെ അറസ്റ്റിലായത്. പാകിസ്താൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരൻ ഫർഹത്തുള്ള ഗോറിയാണ് ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് നൽകിയത്. രാജ്യത്ത് ആക്രമണങ്ങൾ നടത്താനുള്ള ബുദ്ധികേന്ദ്രവും ഇയാളാണെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 2002ൽ ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഫർഹത്തുള്ളയ്‌ക്ക് പങ്കുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. 2002ൽ ഹൈദരാബാദിലെ എസ്ടിഎഫ് ഓഫീസിന് നേരെ ചാവേർ ആക്രമണം നടത്താനും ഇയാൾ പദ്ധതിയിട്ടിരുന്നു.
ഹൈദരാബാദ് സ്വദേശിയായ ഫർഹത്തുള്ള പിന്നീട് പാകിസ്താനിലേക്ക് കടക്കുകയായിരുന്നു. ഐഎസിന്റെ പേരിൽ യുവാക്കളെ ജിഹാദിന് ഒരുക്കുക എന്നതാണ് ഇയാൾ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്. ഓൺലൈൻ വഴി സമാന ആശയങ്ങൾ പങ്കുവയ്‌ക്കുന്നവരെ കണ്ടെത്തി ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാക്കുക എന്നതും ഇയാൾ ലക്ഷ്യമിട്ടിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.