തിരുവനന്തപുരം: അനധികൃതമായി വൈദ്യുതി വലിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി അറിയിച്ചു. ഇത് സംബന്ധിച്ച് കൃഷിയിടങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്താൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം പാലക്കാട് വൈദ്യുത കെണിയിൽപ്പെട്ട് വൃദ്ധ മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി.
ഉദ്യോഗസ്ഥർ നേരിട്ടെത്തിയായിരിക്കും പരിശോധന നടത്തുക. പരിശോധനയിൽ അനധികൃത ഫെൻസിംഗുകൾ കണ്ടെത്തിയാൽ കർഷകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ ജില്ലാ ഭരണകൂടവുമായി ചേർന്ന് കർഷകർക്ക് ബോധവത്കരണം നൽകുകയും ചെയ്യും. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകുമെന്നും മന്ത്രി പറഞ്ഞു.