ഗാംഗ്ടോക്: സിക്കിമിലെ മിന്നിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. സൈനികർ ഉൾപ്പെടെ 103 പേരെയാണ് പ്രളയത്തിൽ കാണാതായത്. മൃതദേഹങ്ങൾ ബംഗാളിലെ ജൽപായ്ഗുഡിയിലെ ടീസ്റ്റ നദിയിൽ നിന്നുമാണ് കണ്ടെടുത്തത്. മിന്നൽ പ്രളയം ഇതുവരെ
22,034 പേരെ ബാധിച്ചതായും ഇതുവരെ 2011 പേരെ രക്ഷിച്ചെന്നുമാണ് ദുരന്തനിവാരണ സേനയുടെ കണക്ക്. വെള്ളപ്പൊക്കത്തെ തുടർന്ന്
റോഡുകളും പാലങ്ങളും ഒലിച്ചു പോയതോടെ വ്യാപക നാശ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
അതിനിടയിൽ സിക്കിമിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സിക്കിമിലെ ചുങ്താങ്ങിൽ തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്.14 പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. രക്ഷാ പ്രവർത്തനത്തിന് സിക്കിമിന് സഹായം നൽകുന്നതിനായി ദേശീയ ദുരന്ത നിവാരണ സേനയുടെ കൂടുതൽ സംഘങ്ങളെ കേന്ദ്ര സർക്കാർ അയച്ചിട്ടുണ്ട്. വ്യോമ സേനാംഗങ്ങളുമായി പുറപ്പെടാൻ ഹെലികോപ്റ്റർ സജ്ജമാണെങ്കിലും മോശം കാലാവസ്ഥ ആയതിനാൽ ഇതുവരെയും പുറപ്പെടാൻ സാാധിച്ചിട്ടില്ല.
സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും ഈ മാസം 15 വരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സിക്കിമിലെ ചുങ്താങ്, ലാച്ചുങ്, ലാച്ചെൻ എന്നിവിടങ്ങളിലാണ് നാശം വിതച്ച പ്രളയം ഉടലെടുത്തത്. ഇവിടങ്ങളിൽ ഇപ്പോഴും മഴ തുടർന്നു കൊണ്ടിരിക്കുകയാണ്. നിലവിൽ ടീസ്റ്റ നദിയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
സിക്കിം സർക്കാർ ഇതു വരെ 26 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മാറ്റി പാർപ്പിച്ചവർക്ക് കരസേന, ദുരന്ത നിവാരണ സേന എന്നിവർ ഭക്ഷണവും മറ്റു അടിസ്ഥാന സഹായങ്ങളും എത്തിച്ചു നൽകുന്നുണ്ട്. കണക്കുകൾ പ്രകാരം 11 പാലങ്ങളും 277 വീടുകളും ഒലിച്ചു പോയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് ചുങ്താങ് അണക്കെട്ട് തുറന്നു വിട്ടതാണ് സ്ഥിതിഗതികൾ വഷളാകാൻ കാരണം.















