വിഷാംശം കൂടുതലുള്ള വസ്തുക്കളെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാൽ വിഷങ്ങളുടെ രാജാവ് ഏതാണെന്ന് അറിയുമോ? ചിലർക്കെങ്കിലും ഇത് അറിയാൻ കൗതുകം കാണും. എന്നാൽ അത്തരത്തിലെ ഒരു വിഷമുണ്ട്. നെപ്പോളിയൻ ബോണപ്പാർട്ട്, സ്വീഡനിലെ എറിക് പതിന്നാലാമൻ, ബ്രിട്ടനിലെ ജോർജ് മൂന്നാമൻ, സൈമൺ ബൊളിവർ, അമേരിക്കൻ പര്യവേക്ഷകനായ ചാൾസ് ഫ്രാൻസിസ് ഹാൾ, ഇന്തോനേഷ്യൻ മനുഷ്യാവകാശ പ്രവർത്തകനായ മുനീർ സൈദ് താലിബ് തുടങ്ങി ഒട്ടേറെപേരുടെ മരണത്തിന് കാരണമായത് കൊടും വിഷമാണ്.
ആർസെനിക് (As)എന്ന മൂലകത്തിന്റെ വിഷമാണ് ഇവരുടെയെല്ലാം മരണത്തിന് കാരണമായത്. പണ്ടുകാലത്ത് രാജക്കന്മാർ ശത്രുരാജാക്കന്മാരെ വിഷം കൊടുത്ത് കൊല്ലുന്ന രീതിയുണ്ടായിരുന്നു. അതിന് ഇതായിരുന്നു അവർ ഉപയോഗിച്ചിരുന്നത്. രാജാക്കന്മാരെ കൊല്ലാൻ ഉപയോഗിച്ചതിനാൽ ആർസെനിക് എന്ന മൂലകത്തിലെ വിഷത്തെ രാജാക്കന്മാരുടെ വിഷം എന്നും വിഷങ്ങളുടെ രാജാവ് എന്നുമാണ് അറിയപ്പെട്ടിരുന്നത്.
ആർസെനിക് സൾഫൈഡുകളും ഓക്സൈഡുകളും പുരാതനകാലം മുതൽ വിഷമായി ഉപയോഗിക്കാറുണ്ട്. ആർസെനിക് ഡയോക്സൈഡ് ചൂടാക്കിയാൽ ചാര ആര്സെനിക്കായി മാറും. ഇതായിരുന്നു പണ്ട് കാലത്ത് കൊലപാതകങ്ങൾക്ക് പതിവായി ഉപയോഗിച്ചിരുന്നത്.
ഇംഗ്ലണ്ടിലെ ബ്രാഡ്ഫോർഡിൽ 1858-ൽ ഭക്ഷ്യ വസ്തുക്കളിൽ മായം ചേർക്കുന്നതിന് ആർസെനിക് ഉപയോഗിച്ചത് വിഷബാധയ്ക്ക് കാരണമായി.
ആർസെനിക്കിന്റെ വിഷാംശം അറിഞ്ഞതിന് ശേഷം ഈ രാസവസ്തു കീടനാശിനികളിലും ഉപയോഗിച്ച് തുടങ്ങി. 1942-ൽ ഇപ്പോൾ ഉപയോഗിക്കുന്ന കീടനാശിനി ആയ ഡിഡിടി കണ്ടെത്തുന്നതുവരെ ആര്സനേറ്റ്, ലെഡ് ആർസെനേറ്റ് എന്നിവയാണ് ഉപയോഗിച്ചിരുന്നത്. ആർസെനിക്കിൽ വിഷാംശം കൂടുതൽ ആയതിനാൽ കാൻസർ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.