ഉപയോക്താക്കൾക്ക് മികച്ച രീതിയിലുള്ള സേവനം ഉറപ്പു വരുത്തുന്നതിനായി വാട്ട്സ്ആപ്പ് ചാറ്റ്ബോട്ട് സേവനം ആരംഭിച്ച് കെഎസ്ഇബി. ഇലക്ട്ര എന്ന് പേരിട്ടിരിക്കുന്ന ചാറ്റ്ബോട്ടിന്റെ സേവനമാണ് കെഎസ്ഇബി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരാതിയായി ബോധിപ്പിക്കുന്നതിനും മികച്ച സേവനം ഉറപ്പു വരുത്തുന്നതിനുമാണ് കെഎസ്ഇബി ലക്ഷ്യം വെയ്ക്കുന്നത്. വാതിൽപ്പടി സേവനങ്ങൾക്കും ഇലക്ട്രയുടെ സഹായം തേടാമെന്നും കെഎസ്ഇബി വ്യക്തമാക്കി.
9496001912 എന്നതാണ് ഇലക്ട്ര ചാറ്റ്ബോട്ടിന്റെ വാട്ട്സ്ആപ്പ് നമ്പർ. കെഎസ്ഇബിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. കൂടാതെ കെഎസ്ഇബി ഓഫീസിലും 1912 എന്ന ടോൾഫ്രീ കസ്റ്റമർ കെയർ നമ്പറിലും വിളിച്ച് പരാതികൾ അറിയിക്കാവുന്നതാണ്. ടോൾഫ്രീ നമ്പർ 24 മണിക്കൂർ സേവനമാണ് വാഗ്ദാനം ചെയ്യുന്നത്. കെഎസ്ഇബിയുടെ ഇമെയിൽ മുഖേനയും പരാതികൾ ബോധിപ്പിക്കാവുന്നതാണ്. [email protected] എന്ന മെയിലിലാണ് പരാതികൾ ബോധിപ്പിക്കാൻ സാധിക്കുക.
ചാറ്റ്ബോട്ട് സേവനങ്ങളിൽ ഉടനടി മറുപടി ലഭിക്കുന്നതായിരിക്കും. കേരളത്തിൽ ഉടനീളം ചാറ്റ്ബോട്ട് സേവനം ലഭ്യമാകും. ട്രാൻ്സ്ഫോർമറുകളുടെ തകരാറുകൾ, വൈദ്യുതി ബന്ധം നഷ്ടമാകുക, വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, വൈദ്യുതി മോഷണം എന്നിങ്ങനെ എല്ലാ പരാതികളും ഇതിലൂടെ അറിയിക്കാവുന്നതാണ്. എഐ മുഖേന നിർമ്മിച്ച സ്ത്രീയുടെ രൂപത്തോടെയാണ് ഇലക്ട്രയെ എഫ്ബി പോസ്റ്റിലൂടെ കെഎസ്ഇബി പരിചയപ്പെടുത്തിയിരിക്കുന്നത്.