എറണാകുളം: ചന്ദ്രനിൽ ചന്ദ്രയാൻ-3 ചുവടുറപ്പിച്ച സ്ഥലത്തിന് ശിവശക്തി എന്ന് പേരിട്ടത് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് ചേർന്നതാണോ എന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകി ഇസ്രോ ചെയർമാൻ എസ്.സോമനാഥ്. ശിവശക്തി എന്ന പേര് മതേതരമല്ലെന്ന് കരുതുന്നത് കാഴ്ചപ്പാടിന്റെ പ്രശ്നം മാത്രമാണെന്ന് എസ് സോമനാഥ് പറഞ്ഞു.
വിക്രം സാരാഭായ് സയൻല് ഫൗണ്ടേഷന്റെ വിക്രം സാരാഭായ് വിജ്ഞാൻ പുരസ്കാരം വാങ്ങിയ ശേഷം വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുൻ ചീഫ് സെക്രട്ടറി വിപി ജോയിയാണ് ഇസ്രോ മേധാവി എസ് സോമനാഥിന് പുരസ്കാരം നൽകിയത്. ഇതിന് ശേഷമാണ് വിദ്യാർത്ഥികളുമായി സംവദിച്ചത്.
ചാന്ദ്ര ദൗത്യത്തെ കുറിച്ചും ഇന്ത്യൻ ബഹിരാകാശ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളോട് വിശദീകരിച്ചു. കാക്കനാട് വിക്രം സാരാഭായ് സയൻസ് സ്കൂളിൽ വിക്രം സാരാഭായ് സയൻസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ശാസ്ത്രകോൺക്ലേവായിരുന്നു വേദി. ബഹിരാകാശ അവശിഷ്ടങ്ങളുടെ പ്രശ്നങ്ങൾ, ഗഗൻയാൻ, വ്യോമമിത്ര, ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിദ്ധ്യം എന്നിങ്ങനെയുള്ള വിഷയങ്ങളും സംവാദത്തിലുണ്ടായിരുന്നു.















