തൃശൂർ: തൃശൂരിൽ കേരളോത്സവത്തിൽ വെളിച്ചം സംഘടിപ്പിച്ചത് സർക്കാർ ആബുലൻസ് പ്രവർത്തിപ്പിച്ച്. വെളിച്ചത്തിനായി സംവിധാനം ഇല്ലാത്തതിനാലാണ് ആംബുലൻസ് ലൈറ്റിൽ കേരളോത്സവം നടത്തിയത്. തൃശൂർ ചേലക്കര ഗ്രാമ പഞ്ചായത്തിന്റെ കേരളോത്സവ മത്സര പരിപാടിയിലാണ് സംഭവം. വടംവലി മത്സരമാണ് സർക്കാർ ആംബുലൻസിന്റെയും ഗ്രാമ പഞ്ചായത്ത് ജീപ്പിന്റെയും ഹെഡ്ലൈറ്റ് തെളിച്ച് നടത്തിയത്.
ചേലക്കര ബസ് സ്റ്റാൻഡിനുള്ളിൽ ഇന്നലെ രാത്രി ഏട്ട് മണിക്കാണ് മത്സരം നടന്നത്. എന്നാൽ ഇവിടെയുള്ള ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി പ്രവർത്തന രഹിതമാണ്.
കേരളോത്സവത്തിന്റെ നടത്തിപ്പിനായി ഒന്നരലക്ഷം രൂപ വകയിരുത്തിയെങ്കിലും വെളിച്ചം സജ്ജീകരിച്ചിരുന്നില്ല. ഇതേത്തുടർന്ന് സംഘാടകർ ആംബുലൻസിന്റെ ലൈറ്റ് തെളിയിക്കുകയായിരുന്നു.















