ആളുകളെ അയക്കുന്ന ഗഗൻയാൻ ദൗത്യത്തിലൂടെ ബഹിരാകാശത്ത് എത്തുന്ന ആദ്യത്തെയാൾ ആകാനൊരുങ്ങുകയാണ് വ്യോമമിത്ര. രണ്ടാം ഘട്ടത്തിലാകും വ്യോമമിത്രയെ ബഹിരാകാശത്തേക്ക് പോവുക.
ഇസ്രോ സ്ത്രീ രൂപത്തിൽ നിർമ്മിച്ച റോബോട്ടാണ് വ്യോമമിത്ര. ബഹിരാകാശ ദൗത്യങ്ങളിൽ മനുഷ്യരെ സഹായിക്കുകയാണ് ലക്ഷ്യം. പേടകത്തിലെ ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനം ഉൾപ്പെടെ സാങ്കേതിക കാര്യങ്ങളിൽ സഹായിക്കുന്നതിനൊപ്പം സഹയാത്രികർക്കു മാനസികപിന്തുണ നൽകാനുള്ള കഴിവും ഇതിനുണ്ടാകും. സഹയാത്രികർ വിഷമിച്ചാൽ സന്തോഷിപ്പിക്കാനുള്ള കഴിവും ഈ റോബോട്ടിനുണ്ട്. മനുഷ്യരെ തിരിച്ചറിയാനും വ്യോമമിത്രക്ക് കഴിയും.
ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഈ റോബോട്ട് സംസാരിക്കും. മനുഷ്യരെ അനുകരിക്കാനും ഒന്നിലധികം ജോലികൾ ചെയ്യാനുമൊക്കെ വ്യോമമിത്രക്ക് സാധിക്കുമെന്നാണ് വിവരം. വശങ്ങളിലേക്കും മുന്നോട്ടും വളയാനും ചലിക്കാനുമൊക്കെ സാധിക്കും. വ്യോമ (സ്പേസ്), മിത്ര (സുഹൃത്ത്) എന്നീ രണ്ട് സംസ്‌കൃത പദങ്ങളുടെ സംയോജനമാണ് വയോമിത്ര. ആളില്ലാ ബഹിരാകാശ ദൗത്യമായ ഗഗൻയാനു വേണ്ടി പ്രത്യേകം രൂപകൽപന ചെയ്തതാണ് ഈ റോബോട്ടിനെ. ഇതിന് കാലുകൾ ഇല്ല. അതുകൊണ്ടു തന്നെ വയോമിത്രയെ ഹാഫ് ഹ്യൂമനോയിഡ് റോബോട്ട് (half-humanoid robot) എന്നാണ് വിളിക്കുന്നത്.
റോബോട്ടിന്റെ രൂപകൽപന, വികസനം, സംയോജനം എന്നീ ഘട്ടങ്ങളെല്ലാം എഎസ്ആർഒ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റിന്റെ (IISU) മേൽനോട്ടത്തിലാണ് പൂർത്തിയാക്കിയത്. റോബോട്ടിന്റെ വിരലുകൾ നിർമിച്ചത് തുമ്പയിൽ സ്ഥിതി ചെയ്യുന്ന വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) വെച്ചാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിർമിച്ച വയോമിത്രയെ റോക്കറ്റിൽ വഹിച്ച് പറത്താനാകും. പറക്കുമ്പോൾ സമ്മർദ്ദവും വൈബ്രേഷനും അതിജീവിക്കാനും ഈ റോബോട്ടിനാകും. സംസാരിക്കാനും കാണാനും മുഖഭാവങ്ങൾ പ്രകടിപ്പിക്കാനുമുള്ള കഴിവും ഈ റോബോട്ടിനുണ്ട്.















