കുറഞ്ഞ നിരക്കിൽ ഹൈസ്പീഡ് ഡാറ്റയും മറ്റ് സേവനങ്ങളും ലഭ്യമാക്കുന്ന പുത്തൻ ഫോൺ അവതരിപ്പിച്ച് റിലയൻസ് ജിയോ. ജിയോഭാരത് ബി1 എന്ന ഫീച്ചർ ഫോണാണ് ഇപ്പോൾ പുറത്തിറക്കിയത്. ജിയോഭാരത് സീരിസിന് കീഴിൽ കമ്പനി അവതരിപ്പിക്കുന്ന മൂന്നാമത്തെ ഫോണാണ് ജിയോഭാരത് ബി1.
2.4 ഇഞ്ച് ഡിസ്പ്ലേ, ആൽഫാന്യൂമറിക് കീപാഡ്, മൾട്ടി-ലിംഗ്വൽ സപ്പോർട്ട്, 2000 mAhh ബാറ്ററി തുടങ്ങിയ ഫീച്ചറുകളാണ് ഫോണിലുള്ളത്. 4ജി എനേബിൾഡ് ഫീച്ചർ ഫോണിന് 1,299 രൂപയാണ് വില. ഫോൺ ഇതിനോടകം തന്നെ ആമസോണിൽ വിൽപയ്ക്ക് എത്തിയിട്ടുണ്ട്.
തിളങ്ങുന്ന മാറ്റ് ഫിനിഷുള്ള ഡിസൈനിലാണ് ഫോൺ വരുന്നത്. കറുപ്പ് നിറത്തിൽ മാത്രമാണ് നിലവിൽ ഫോൺ ലഭ്യമാകുന്നത്. പിൻ പാനലിൽ ജിയോ ലോഗോയും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളും കമ്പനി നൽകുന്നു. 23 ഭാഷകൾ സപ്പോർട്ട് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നു. അതിനാൽ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തവർക്കും ഫോൺ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും.