അസർബൈജാൻ:പ്രശസ്ത ആർട്ട് ഡയറക്ടർ മിലൻ ഫെർണാണ്ടസ് അന്തരിച്ചു. അജിത്ത് നായകനാകുന്ന വിടാമുയർച്ചി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അന്ത്യം. ചിത്രീകരണത്തിനായി അസർബൈജാനിൽ എത്തിയതായിരുന്നു അദ്ദേഹം. ഹൃദായാഘാതമാണ് മരണ കാരണം.
രാവിലെ ചിത്രീകരണത്തിന് മുന്നോടിയായി ടീംഅംഗങ്ങളെ തന്റെ റൂമിൽ അദ്ദേഹം വിളിച്ച് ചർച്ചകൾ നടത്തിയിരുന്നു. ഇതിന്റെ ഇടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മിലനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിവരമറിഞ്ഞ് അജിത്ത്, സിനിമയുടെ സംവിധായകൻ മകിഴ് തിരുമേനി, ഛായാഗ്രാഹകൻ നീരവ് ഷാ എന്നിവർ ആശുപത്രിയിലെത്തിയപ്പോഴേക്കും മിലൻ സിനിമാ ലോകത്തിനോട് വിടപറഞ്ഞിരുന്നു. അജിത്ത് സിനിമകളിലെ സജീവ സാന്നിദ്ധ്യമാണ് ഒരു സിനിമ ബാക്കിയാക്കി പടിയിറങ്ങിയത്.
സൂര്യ നായകനാകുന്ന കങ്കുവയിലും മിലൻ പ്രവർത്തിച്ചിരുന്നു. 2006-ൽ കലാപ കാതലൻ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര കലാസംവിധായകനായത്. ബില്ല, ഏകൻ, വേലായുധം, വീരം, വേട്ടൈക്കാരൻ, വിവേകം , സാമി 2 തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മലയാളത്തിൽ പദ്മശ്രീ ഭരത് ഡോ. സരോജ് കുമാർ എന്ന ചിത്രത്തിലും മിലൻ പ്രവർത്തിച്ചിട്ടുണ്ട്.















