ടെൽഅവീവ: ഹമാസ് ഭീകരർക്കെതിരെയുള്ള ഇസ്രായേലിന്റെ തിരിച്ചടി തുടരുന്നതിനിടെ ഹമാസിനെ അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. മന്ത്രി സഭായോഗത്തിൽ ഹമാസ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ഇസ്രായേൽ പ്രധാനമന്ത്രിയും മന്ത്രിമാരും മൗനം ആചരിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
‘ഞങ്ങളെ തകർക്കാമെന്ന് ഹമാസ് ഭീകരർ കരുതി. ഞങ്ങൾ ഹമാസിനെ തകർക്കും. ഇസ്രായേൽ പ്രതിരോധ സൈന്യം ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. അത് ഹമാസിനും ലോകത്തിനും വ്യക്തമായി അറിയാം. ഞങ്ങൾ ഒരു കൂട്ടമായി രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ ഐക്യം ജനങ്ങൾക്കും ശത്രുക്കൾക്കും ലോകത്തിനും വ്യക്തമായി കാണാൻ സാധിക്കും’
മുഴുവൻ രാജ്യവും ഇസ്രായേലിന്റെ പ്രതിരോധ സേനയിലെ യോദ്ധാക്കൾക്ക് പിന്നിലാണുള്ളത്. മുൻനിരയിലുള്ള ഞങ്ങളുടെ പോരാളികളെ ഞാൻ കണ്ടു. രാജ്യം മുഴുവൻ തങ്ങൾക്ക് പിന്നിലുണ്ടെന്ന് അവർക്കറിയാം. തങ്ങൾക്കെതിരെ ഉയർന്ന് വന്ന രാക്ഷസന്മാരെ ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി ഏത് നിമിഷവും പ്രവർത്തിക്കാൻ അവർ തയ്യാറാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി വ്യക്തമാക്കി.