ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പാക് നായകൻ ബാബർ അസം ഭീരുവിനെ പോലെയാണ് ബാറ്റ് ചെയ്തതെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ബാബർ ഭീരുവിനെ പോലെയാണ് ക്രീസിൽ പെരുമാറിയത്. ഒരു കൂട്ടുകെട്ടിൽ രണ്ട് ബാറ്റർമാർക്കും ഒരു പോലെ റൺസെടുക്കാൻ കഴിയില്ല. ഒരാൾ റിസ്‌ക് എടുത്താൽ മാത്രമേ ടീം സ്‌കോർ ഉയരുകയുള്ളൂയെന്നും ഗംഭീർ പറഞ്ഞു.
ടീമിന് വേണ്ടിയല്ല ബാബർ വ്യക്തിഗത നേട്ടങ്ങൾക്കായാണ് റൺസ് നേടുന്നത്. ബാബർ ലോകകപ്പിൽ ഔട്ടായത് പോലും വളരെ മോശം ഷോട്ടിലായിരുന്നു. പാകിസ്താന് മുമ്പ് ആക്രമാണോത്സുകമായി കളിക്കുന്ന താരങ്ങളാണ് ഉണ്ടായിരുന്നത്. അത് ഷാഹിദ് അഫ്രീദിയോ, ഇമ്രാൻ നസീറോ തൗഫീഖ് ഉമറോ ആകട്ടെ, അവർ അക്രമിച്ചാണ് കളിയാരംഭിക്കുന്നത്. മദ്ധ്യനിരയിൽ ഇറങ്ങുന്ന ബാറ്റർമാർ കരുതലോടെ ബാറ്റ് ചെയ്യുകയും ചെയ്യും. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അതല്ല, ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ആക്രമിച്ചു കളിക്കുന്ന ബാറ്ററെ പാക് നിരയിൽ കാണാൻ സാധിക്കുന്നില്ല. ഗംഭീർ കൂട്ടിച്ചേർത്തു.