കോഴിക്കോട്: കോന്നാട് കടപ്പുറം നാശത്തിന്റെ വക്കിൽ. സുനാമി പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തി കോടികൾ ചിലവഴിച്ച് നവീകരിച്ച ഭാഗമാണ് കാട് മൂടി നശിക്കുന്നത്. 2008 ൽ സുനാമി പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ 1.21 കോടി രൂപ ചിലവഴിച്ചാണ് ഇവിടം നവീകരിച്ചത്.
സിമന്റ് കട്ടകൾ വിരിച്ച പ്രദേശമാകെ ഇപ്പോൾ കാട് മൂടിയ നിലയിലാണ്. തൂണുകളിലെ ലൈറ്റുകൾ കേടായത് മൂലം രാത്രിയാകെ ഇരുട്ട് മൂടിയ നിലയിലായാണ് പ്രദേശം മുഴുവൻ. ഇതോടെ മദ്യപാനമടക്കമുള്ള സാമൂഹിക വിരുദ്ധപ്രവർത്തനങ്ങളുടെ താവളമായി മാറി.
ടൂറിസം വകുപ്പിന്റെ നേതൃത്വത്തിലാണ് കോന്നാട് കടപ്പുറം ടൂറിസം പദ്ധതി ആവിഷ്കരിച്ചത്. വിനോദ സഞ്ചാരികൾക്ക് സായാഹ്നം ചിലവഴിക്കുന്നതിന് ഉതകുന്ന തരത്തിലായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം. എന്നാൽ പദ്ധതി പുനരുദ്ധരിക്കാൻ ശ്രമിക്കാത്ത ടൂറിസം വകുപ്പിന്റെ അനാസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് പ്രദേശം നവീകരിച്ച് പൂർവ്വസ്ഥിതിയിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.