ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ ഇനിയും പ്രതീക്ഷ നിലനിൽക്കുന്നുണ്ടെന്നും വീണ്ടും ഉണർത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഐഎസ്ആർഒ. ചന്ദ്രനിൽ 14 ദിവസം നീണ്ടു നിന്ന് പകലിന് ശേഷം ഇരുട്ട് വീണപ്പോൾ സ്ലീപ്പ് മോഡിലേക്ക് പോയ റോവറിനെയും ലാൻഡറിനെയും വീണ്ടും ഉണർത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. ഉയർന്ന റേഡിയേഷനും തണുപ്പും ബാറ്ററി റീചാർജിംഗിന് പ്രയാസം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഇസ്രോ വ്യക്തമാക്കി.
സോഫ്റ്റ് ലാൻഡിംഗിനെ തുടർന്ന് ചന്ദ്രോപരിതലത്തിൽ ഗർത്തം രൂപപ്പെട്ടുവെന്നും പേടകം ഇറങ്ങിയ ശിവശക്തി പോയിന്റിൽ 108.4 സ്‌ക്വയർ മീറ്റർ ചുറ്റളവിൽ പൊടി അകന്ന് മാറിയെന്നും ഇസ്രോ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗിന് മുമ്പും ശേഷവും ഓർബിറ്റർ ഹൈ റെസലൂഷൻ ക്യാമറ പകർത്തിയ ദൃശ്യങ്ങൾ വിശകലനം ചെയ്തായിരുന്നു ഇത് കണ്ടെത്തിയത്.
ജൂലൈ 14-നാണ് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ചന്ദ്രയാൻ-3 വിക്ഷേപിക്കുന്നത്. ഓഗസ്റ്റ് 23-ന് പേടകം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ശിവശക്തി പോയിന്റിലാണ് വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 10 ദിനങ്ങൾ പ്രവർത്തിച്ച് ലാൻഡറും റോവറും ഭൂമിയിലേക്ക് സന്ദേശങ്ങൾ കൈമാറി.
ചന്ദ്രനിലെ താപനില, പ്രകമ്പനങ്ങൾ, മൂലക സാന്നിദ്ധ്യം എന്നിങ്ങനെ നിരവധി വിലപ്പെട്ട വിവരങ്ങൾ ദൗത്യത്തിലൂടെ ശാസ്ത്രജ്ഞർക്ക് ലഭിച്ചു. വീണ്ടും ലാൻഡറും റോവറും സ്ലീപ് മോഡിൽ നിന്നും ഉണർത്തുന്നതിനും ചന്ദ്രനിൽ ദൗത്യം തുടരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞർ. ചന്ദ്രനിൽ ഇടയ്‌ക്കിടെ ഉണ്ടാകുന്ന മൈക്രോമെറ്ററോയ്ഡ് പ്രതിഭാസം ചന്ദ്രയാൻ-3യ്‌ക്ക് ഭീഷണിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിക്കുന്ന ചെറിയ ഉൽക്ക ശിലകളെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ചന്ദ്രയാൻ-3 എപ്പോൾ മുതൽ പ്രവർത്തന ക്ഷമമാകും എന്നതിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല.