തിരുവനന്തപുരം: അഭേദാശ്രമത്തിൽ നടന്നുവന്ന ശ്രീ വിഷ്ണു സഹസ്രനാമ കോടിയർച്ചന സമാപിച്ചു. ഇന്നലെ വൈകീട്ട് ഏഴിന് നടന്ന സമാപനാർച്ചനയ്‌ക്ക് ശേഷം മഹാദീപാരാധനയോടെയാണ് കോടിയർച്ചന മഹായജ്ഞം അവസാനിച്ചത്. അഭേദാശ്രമത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന 124-മത് കോടിയർച്ചനയ്‌ക്ക് കൂടിയാണ് പരിസമാപ്തിയായത്.
ചടങ്ങിൽ വിവിധ ആദ്ധ്യാത്മിക കേന്ദ്രങ്ങളിലെ ആചാര്യന്മാർ പങ്കെടുത്തു. ഇന്ന് രാവിലെ ഏഴിന് ശ്രീവരാഹം ക്ഷേത്രക്കുളത്തിൽ അവഭൃഥസ്‌നാനം, ദീപം പൊലിക്കൽ എന്നിവ നടന്നു. ഒക്ടോബർ ഒന്ന് മുതൽ 27 ദിവസമാണ് സഹസ്രനാമ കോടിയർച്ചന മഹായജ്ഞം നീണ്ടു നിന്നത്. അഭേദാശ്രമം മഠാധിപതി സ്വാമി കേശവാനന്ദഭാരതിയായിരുന്നു യഞ്ജാചാര്യൻ.
ഭക്തജനങ്ങൾ ഒന്നുചേർന്നു ഒരുകോടി തിരുനാമങ്ങളെ ഭക്തിയോടും ഭാവത്തോടും കൂടി ചൊല്ലി പുഷ്പങ്ങളോ അക്ഷതമോ അർപ്പണം ചെയ്യുന്നതാണ് കോടിയർച്ചന. ജാതിവ്യത്യാസമില്ലാതെ മനുഷ്യർ ഏവരും ഈശ്വരാരാധന ചെയ്യുവാൻ അധികാരികളാണെന്നുള്ള ശാസ്ത്രസമ്മതത്തെ മുൻനിർത്തിയാണ് കോടി അർച്ചനാ പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കി തുടങ്ങിയത്.
സനാതന ധർമ്മത്തിന് വന്നുചേർന്ന ദുഃഖാവസ്ഥയെ പരിഹരിച്ച്, ജനങ്ങളെ സംഘടിപ്പിച്ച് ഈശ്വര പ്രേമികളാക്കുവാൻ സർവ്വേശ്വരൻ നൽകിയ ഒരനുഗ്രഹമായിട്ടാണ് കോടിയർച്ചനയെ കാണുന്നത്. ഭാരതത്തിൽ പല സ്ഥലങ്ങളിലും ഇതിനകം കോടി അർച്ചനകൾ ആശ്രമം നേരിട്ടും, ആശ്രമത്തിന്റെ നേതൃത്വത്തിലും വിജയകരമായി നടത്തിയിട്ടുണ്ട്. തിരുവനന്തപുരം അഭേദാശ്രമത്തിൽ ഒരു ദശകോടിയർച്ചനയും നേരത്തേ നടന്നിരുന്നു.















