വളരെ വിചിത്രമെന്ന് തോന്നുന്ന ആയിരക്കണക്കിന് സസ്യങ്ങൾ ഭൂമിയിലുണ്ട്. രൂപം കൊണ്ടും മറ്റ് പ്രത്യേകതകൾ കൊണ്ടും അവ മനുഷ്യനെ അത്ഭുതപ്പെടുത്തുന്നു. ലോകത്തിന്റെ ഏത് കോണിലും അത്തരം സസ്യങ്ങളെ നമുക്ക് കാണാൻ സാധിക്കും. ഇത്തരത്തിൽ, മനുഷ്യനെ ആശ്ചര്യപ്പെടുത്ത സസ്യങ്ങളിൽ ഒന്നാണ് പാവയുടെ കണ്ണുകൾ(doll’s eyes) എന്നും അറിയപ്പെടുന്ന ആക്റ്റേയ പാച്ചിപോഡ(Actaea pachypoda). പക്ഷികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ആക്റ്റേയ പാച്ചിപോഡ എങ്കിൽ, മനുഷ്യർക്ക് അത് കൊടും വിഷമാണ്.

46-76 സെന്റീമീറ്റർ (18-30 ഇഞ്ച്) അല്ലെങ്കിൽ അതിൽ കൂടുതൽ ഉയരത്തിൽ വളരുന്ന ഒരു ചെടിയാണ് ആക്റ്റേയ പാച്ചിപോഡ. വെളുത്ത പൂക്കളാണ് ഇവയ്‌ക്ക്. എന്നാൽ ചെടിയുടെ ഏറ്റവും ശ്രദ്ധേയമായ ഭാഗം അതിന്റെ പഴമാണ്. 1 ⁄ 2 ഇഞ്ച് വലിപ്പമുള്ള വെളുത്ത കായാണ് ഇവയ്‌ക്കുള്ളത്. വലിപ്പവും ആകൃതിയും വെളുത്ത നിറത്തിൽ കറുത്ത പൊട്ടുമുള്ള ആക്റ്റേയ പാച്ചിപോഡയുടെ കായ കണ്ടാൽ പാവയുടെ കണ്ണുകൾ പോലെയാണ്. ഈ സരസഫലങ്ങൾ മൂക്കുംതോറും ചെടിയുടെ തണ്ടുകൾക്ക് കട്ടി വർദ്ധിക്കുകയും കടും ചുവപ്പായി മാറുകയും ചെയ്യും.

ആക്റ്റേയ പാച്ചിപോഡയുടെ ഫലം പക്ഷികൾക്ക് ഏറെ ഇഷ്ടമാണ്. പക്ഷികൾ ഇവ ധാരാളമായി കഴിക്കുകയും ഇതിന്റെ വിത്തുകൾ മറ്റിടങ്ങളിൽ കൊണ്ടിടുകയും ചെയ്യും. ഈ വിത്തുകൾ മുളച്ച് ചെടി വളരും. പക്ഷികൾ കഴിക്കുമെങ്കിലും മനുഷ്യർക്ക് ഈ സരസഫലങ്ങൾ അത്ര നല്ലതല്ല. ഇതിന്റെ കായ മാത്രമല്ല ചെടി മുഴുവനായും മനുഷ്യർക്ക് വിഷമാണ്. കാർഡിയോജനിക് ടോക്‌സിനുകൾ അടങ്ങിയിട്ടുള്ള ഇവ മനുഷ്യന്റെ ഹൃദയ പേശികൾക്ക് ദോഷകരമാണ്. ഈ സരസഫലങ്ങൾ കഴിക്കുന്നത് ഹൃദയസ്തംഭനത്തിനും മരണത്തിനും വരെ ഇടയാക്കും. ഈ ഫലം കഴിച്ച് അധികം വൈകാതെ തന്നെ ഛർദ്ദി, വിഭ്രാന്തി, വയറുവേദന എന്നിവ അനുഭവപ്പെടും.
















