ഊർജ്ജ മേഖലയിൽ വിപ്ലവത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടി ‘വൈറ്റ് ഹൈഡ്രജൻ’ ശേഖരം കണ്ടെത്തി. ഫ്രാൻസിലെ ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നിൽ. ശാസ്ത്രജ്ഞരായ ജാക്വസ് പിറോണനും ഫിലിപ്പ് ഡി ഡൊണാറ്റോയും ഫ്രാൻസിൽ ഫോസിൽ ഇന്ധനങ്ങൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയത്.
ഭൂമിയിൽ നിന്ന് 1,250 മീറ്റർ താഴെയായി ഹൈഡ്രജന്റെ ഉയർന്ന സാന്ദ്രത കണ്ടെത്തി. ഏകദേശം ആറ് ദശലക്ഷം മുതൽ 250 ദശലക്ഷം മെട്രിക് ടൺ ഹൈഡ്രജൻ അടങ്ങിയിട്ടുണ്ടാകാമെന്നാണ് കണക്കുകൂട്ടൽ. ശുദ്ധ ഊർജമായാണ് വൈറ്റ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഭൂവൽക്കത്തിലാണ് ഇത് ഉത്പാദിപ്പിക്കപ്പെടുന്നത്. ഹൈഡ്രജന്റെ മറ്റ് രൂപങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് വൈറ്റ് ഹൈഡ്രജൻ. കത്തുമ്പോൾ മാത്രമാണ് വൈറ്റ് ഹൈഡ്രജൻ ജലം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജന്റെ ഈ വകഭേദം ഉത്പാദിപ്പിക്കപ്പെടുന്ന സമയത്ത് ഹരിതഗൃഹ വാതകങ്ങൾ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടാണ് ‘വൈറ്റ് ഹൈഡ്രജൻ’ എന്ന് പേര് വന്നത്.
ഒരു ലബോറട്ടറിയിൽ മാത്രമാണ് വൻ തോതിൽ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ കഴിയുവെന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്. ഈ സാഹചര്യത്തിൽ ഈ കണ്ടെത്തൽ കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ഗ്രീൻ ഹൈഡ്രജൻ, ഗ്രേ ഹൈഡ്രജൻ തുടങ്ങി ഹൈഡ്രജന്റെ മറ്റ് രൂപങ്ങൾ വൈദ്യുതവിശ്ലേഷണത്തിലൂടെ ലാബിൽ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. പരമ്പരാഗത ഇന്ധനങ്ങൾക്ക് ബദലായി വൈറ്റ് ഹൈഡ്രജനെ ഉപയോഗപ്പെടുത്താവുന്നതാണ്. വാഹനങ്ങൾക്കുള്ള ഇന്ധന സെല്ലുകളിലും മറ്റ് വ്യവസായിക പ്രക്രിയകളിലും ഇത് ഉപയോഗപ്പെടുത്താൻ കഴിയും.
റഷ്യ, ഒമാൻ, മാലി തുടങ്ങി രാജ്യങ്ങളിലാണ് ഇതിന് മുൻപ് വൈറ്റ് ഹൈഡ്രജൻ ശേഖരം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ ഭൂരിഭാഗവും വളരെ ചെറിയ ശേഖരണങ്ങളിലോ ഉൾക്കടലിലോ ആയിരുന്നു. ഇവ ഖനനം ചെയ്ത് കണ്ടെത്താനുള്ള സാമ്പത്തിക ചെലവ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ ഇത്തവണ കണ്ടെത്തിയ ശേഖരം കണ്ടെത്തിയതിൽ ഏറ്റവും വലിയ ശേഖരവും ഒപ്പം ഭൂമിയിൽ നിന്ന് വളരെ കുറച്ച് ആഴത്തിലുമാണ് കാണപ്പെടുന്നത്.
വൈറ്റ് ഹൈഡ്രജനെ എങ്ങനെ വാണിജ്യവത്കരിക്കാമെന്ന് നിരവധി സ്റ്റാർട്ടപ്പുകൾ ഇതിനകം പര്യവേക്ഷണം ചെയ്യുന്നുണ്ട്. കേവലം ഒരു ശതമാനം കണ്ടെത്തുകയോ ഉത്പാദിപ്പിക്കുകയോ ചെയ്താൽ 200 വർഷത്തേക്ക് 500 ദശലക്ഷം ടൺ ഹൈഡ്രജൻ നൽകുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഒരു കിലോഗ്രാം ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കാൻ ആറ് ഡോളർ ആവശ്യമായി വരുമ്പോൾ വൈറ്റ് ഹൈഡ്രജൻ ഉത്പാദിപ്പിക്കാനായി ഒരു ഡോളർ മാത്രമാണ് ചെലവായി വരുകയുള്ളൂ.















