കോഴിക്കോട്: നിർമ്മാണം നടക്കുന്ന വീടിനുള്ളിൽ നിന്ന് 60-കാരന്റെ മൃതദേഹം കണ്ടെത്തി. നാദാപുരത്തിന് സമീപം അഹമ്മദ് മുക്കിലാണ് നിർമ്മാണം നടക്കുന്ന വീട്ടിനുള്ളിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. എളയിടം സ്വദേശി പാലോള്ളതിൽ അമ്മദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. അഞ്ച് ദിവസമായി അമ്മദിനെ കാണ്മാനില്ലായിരുന്നു.
ഇന്ന് രാവിലെ മുതലാണ് വീടിനകത്ത് നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയത്. തുടർന്ന് നാട്ടുകാർ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ദുരൂഹത ഇല്ലെന്ന് അറിയിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.