വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഭാരതത്തിലേക്ക്. നവംബർ 2 മുതൽ 10 വരെ നീണ്ടു നിൽക്കുന്ന വിദേശ യാത്രയിൽ ഇസ്രായേൽ, ജോർദാൻ, ജപ്പാൻ, ദക്ഷിണകൊറിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയതിന് ശേഷമാണ് അദ്ദേഹം ഭാരതത്തിലെത്തുക. തുടർന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തും. ഇസ്രായേൽ -പാലസ്തീൻ വിഷയവും ഇന്തോ-പസഫിക് മേഖലയിലെ രാഷ്‌ട്രീയ അസ്ഥിരതയും കൂടിക്കാഴ്ചയിൽ ചർച്ചയാകും.
വ്യാഴാഴ്ച ഇസ്രായേലിലേക്ക് യാത്ര തിരിക്കുന്ന ബ്ലിങ്കൻ ഭീകരതയെ പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശത്തിന് പിന്തുണ അറിയിക്കും. കൂടാതെ ഹമാസ് ബന്ധികളാക്കിയ അമേരിക്കൻ പൗരന്മാർ ഉൾപ്പടെയുള്ളവരുടെ മോചനത്തെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്യുമെന്ന് അമേരിക്കൻ വക്താവായ മില്ലർ അഭിപ്രായപ്പെട്ടു.
ഗാസയിലെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിന് വേണ്ട നടപടികളെക്കുറിച്ച് ജോർദ്ദാനുമായി ആശയവിനിമയം നടത്തും. സുസ്ഥിരവും സുരക്ഷിതവുമായ ഇന്തോ – പസഫിക് മേഖല കെട്ടിപ്പടുക്കുന്നതിന് ശ്രമങ്ങൾ നടത്തും. ടോക്കിയോയിൽ നടക്കുന്ന ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും . പ്രാധാനമന്ത്രി കിഷിദ ഫ്യൂമിയോയുമായും വിദേശകാര്യ മന്ത്രി കാമികാവ യോക്കോയുമായും അദ്ദേഹം ചർച്ച നടത്തും. യുദ്ധത്തിന്റ കെടുതികളിൽ അകപ്പെട്ട യുക്രെയ്നിന്റെ സാമ്പത്തിക നില മെച്ചപ്പെടുത്തുന്നതിന് ഇന്തോ-പസഫിക് കൂട്ടായ്മയുടെ ആവശ്യകതയെക്കുറിച്ചും ചർച്ച നടത്തും.
തുടർന്ന് ദക്ഷിണ കൊറിയയിലേക്ക് തിരിക്കുന്ന ബ്ലിങ്കൻ, പ്രസിഡന്റ് യൂൻ സുക് യോൾ, വിദേശകാര്യ മന്ത്രി പാർക്ക് ജിൻ, ചോ തേ-യോങ് എന്നിവരുമായി ചർച്ച നടത്തും. അമേരിക്കയും ദക്ഷിണ കൊറിയയും നേരിടുന്ന ആഗോള വെല്ലുവിളികളും മധ്യേഷ്യയിലെ സൈനിക അസ്ഥിരതയും ചർച്ചയുടെ വിഷയമാകും.