ഇസ്ലാമാബാദ്: പാകിസ്താനിലെ വ്യോമസേനാ താവളത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ഒമ്പത് ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാകിസ്താൻ സൈന്യത്തെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീകരരുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ച പുലർച്ചയോടെയായിരുന്നു പാകിസ്താനിലെ മിയാൻവാലിയിലുള്ള വ്യോമസേനാ താവളത്തിൽ ഭീകരാക്രമണമുണ്ടായത്. വ്യോമതാവളത്തിന് ചുറ്റുമുള്ള വൻമതിൽ ഏണിവച്ച് മറികടന്ന് അകത്തേക്ക് പ്രവേശിച്ച സായുധരായ ഭീകരർ യുദ്ധവിമാനങ്ങളും ഇന്ധന ടാങ്കറുകളും തീവച്ച് നശിപ്പിച്ചു. മൂന്ന് പാക് യുദ്ധ വിമാനങ്ങൾ പൂർണ്ണമായും നശിച്ചു. അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളുമായാണ് ഭീകരർ എത്തിയത്.
സംഭവത്തിന് തൊട്ടുപിന്നാലെ മൂന്ന് ഭീകരരെ പാക് സൈന്യം വധിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷം നിലവിൽ അവസാനിച്ചതായാണ് ഒടുവിൽ വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്രീകെ-ഇ-ജിഹാദ് പാകിസ്താൻ ആണ് ഏറ്റെടുത്തത്. താലിബാൻ പിന്തുണയോടെ പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയാണിത്.