കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നായകൻ രോഹിത് ശർമ്മ നൽകിയ തുടക്കം മുതലാക്കി ടീം ഇന്ത്യ. വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും ശ്രേയസ് അയ്യരുടെ അർദ്ധസെഞ്ച്വറിയുടെയും മികവിൽ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച സ്‌കോർ. നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസാണ് ആതിഥേയർ നേടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി തകർപ്പൻ തുടക്കമാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും ചേർന്ന ഓപ്പണിംഗ് സഖ്യം നൽകിയത്. ഇരുവരും ചേർന്ന് 5.5 ഓവറിൽ 62 റൺസ് ചേർത്താണ് പിരിഞ്ഞത്. റബാദക്കെതിരെ കൂറ്റനടിക്കുള്ള ശ്രമത്തിൽ പിഴച്ച രോഹിതിനെ എതിർ ക്യാപ്റ്റൻ ടെംബ ബാവുമ കൂടാരം കയറ്റുകയായിരുന്നു. സ്‌കോർബോർഡിൽ 93 റൺസായപ്പോൾ ഗില്ലും മടങ്ങി. സ്പിന്നർ കേശവ് മഹാരാജാണ് ഗില്ലിന്റെ വിക്കറ്റ് വീഴ്‌ത്തിയത്. 24 പന്തിൽ 23 റൺസാണ് ഗിൽ നേടിയത്.
തുടർന്നെത്തിയ ശ്രേയസ് അയ്യരും കോഹ്‌ലിയും ചേർന്ന് സ്‌കോർ മുന്നോട്ട് നയിക്കുകയായിരുന്നു. 87 പന്തിൽ 77 റൺസെടുത്ത ശ്രേയസ് എൻഗിഡിയുടെ പന്തിൽ മർക്രം പിടിച്ച് പുറത്താകുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 158 പന്തിൽ 134 റൺസ് കൂട്ടിച്ചേർത്താണ് മടങ്ങിയത്. കെ.എൽ രാഹുൽ എട്ട് റൺസുമായും സൂര്യകുമാർ യാദവ് 22 റൺസുമായും മടങ്ങി. 121 പന്തിൽ 101 റൺസുമായി കോഹ്‌ലിയും ജഡേജയും (29) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി ലുങ്കി എൻഗിഡി, യാൻസൺ, റബാദ, മാഹാരാജ്, ഷംസി എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.