ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയ താരം എന്ന സച്ചിന്റെ റെക്കോർഡിനൊപ്പമെത്തിയ സൂപ്പർ താരം വിരാട് കോഹ്ലിക്ക് ആശംസകളുമായി ക്രിക്കറ്റ് ഇതിഹാസം. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ എന്റെ റെക്കോർഡ് മറികടക്കാനാകട്ടെയെന്നും ലോകകപ്പിലെ മികച്ച പ്രകടനത്തിന് അഭിനന്ദനങ്ങൾ എന്നുമാണ് മാസ്റ്റർ ബ്ലാസ്റ്റർ കുറിച്ചത്. പിറന്നാൾ ദിനത്തിൽ കളിക്കാനിറങ്ങിയ കോഹ്ലി കാഗിസോ റബാഡ എറിഞ്ഞ 49-ാം ഓവറിലാണ് സെഞ്ച്വറിയുമായി സച്ചിനൊപ്പമെത്തിയത്. 119 പന്തിൽ 10 ബൗണ്ടറികൾ പറത്തിയാണ് താരം സെഞ്ച്വറിയടിച്ചത്.
ഏകദിന ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുത്ത വിരാട് കോഹ്ലിക്ക് അഭിനന്ദനങ്ങൾ. 50-ാം സെഞ്ച്വറിക്കായി എനിക്ക് 365 ദിവസങ്ങൾ കാത്തിരിക്കേണ്ടി വന്നു. വളരെ കുറച്ച് സമയത്തിനുള്ളിലാണ് എന്റെയോപ്പം നീയെത്തിയത്. വരും ദിവസങ്ങളിൽ തന്നെ നീ എന്റെ റെക്കോർഡ് തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ- ക്രിക്കറ്റ് ഇതിഹാസം സമൂഹമാദ്ധ്യമ അക്കൗണ്ടിൽ കുറിച്ചു.
49 ഏകദിന സെഞ്ച്വറിയിലേക്കെത്താൻ സച്ചിൻ തെണ്ടുൽക്കർക്ക് 452 ഇന്നിംഗ്സാണ് വേണ്ടിവന്നത്. എന്നാൽ വെറും 277 ഇന്നിംഗ്സിൽ നിന്നാണ് കോഹ്ലി ചരിത്ര നേട്ടത്തിലേക്കെത്തിയിരിക്കുന്നത്. തന്റെ ആദ്യ ഏകദിന സെഞ്ച്വറി കൊൽക്കത്തയിൽ നേടിയ കോഹ്ലി തന്റെ 49ാം ഏകദിന സെഞ്ച്വറിയും ഇതേ മൈതാനത്ത് നേടിയെന്നതാണ് കൗതുകകരമായ കാര്യം.