ഭൂമിക്കരികിലെ ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിച്ചാൽ വൻ ബഹിരാകാശ സ്‌ഫോടനത്തിന് സാധ്യതയെന്നും ഭൂമിയിൽ കൂട്ടവംശനാശം സംഭവിച്ചേക്കാമെന്നും പഠനം. ഭൂമിക്ക് 36 പ്രകാശ വർഷം ദൂരെ ചുറ്റളവിലുള്ള ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയാണെങ്കിൽ ഇതൊരു വംശനാശത്തിലേക്കാകും നയിക്കുകയെന്നാണ് ശാസ്ത്രജ്ഞരുടെ പഠനം. ഇലിനോയ് അർബാന ഷാംപെയ്ൻ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഹെയ്‌ലി പെർക്കിൻസും സംഘവുമാണ് പഠനത്തിന് നേതൃത്വം നൽകിയത്.
ന്യൂട്രോൺ സ്റ്റാറുകൾ തമ്മിൽ കൂട്ടിയിടിക്കുന്നത് കിലോനോവ സ്‌ഫോടനങ്ങൾക്ക് കാരണമാകും. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും തീവ്രമായ വിസ്‌ഫോടനങ്ങളിൽ ഒന്നാണ് കിലോനോവ സ്‌ഫോടനങ്ങൾ. ന്യൂട്രോൺ നക്ഷത്രങ്ങൾ മൃതനക്ഷത്രങ്ങളുടെ അവശിഷ്ടങ്ങളാണ്. ഇതിന്റെ അവശിഷ്ടങ്ങളിൽ ഏകദേശം ഒരു ടീസ്പൂൺ ദ്രവ്യത്തിന് 1 കോടി ടൺ ഭാരമുണ്ടാകും. കിലോനോവ സ്‌ഫോടനങ്ങൾ ഗാമാ രശ്മികളുടെ പ്രവാഹം സൃഷ്ടിക്കുകയും കോസ്മിക് തരംഗങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. ഇവയ്‌ക്ക് പ്രപഞ്ചത്തിൽ ഗുരുത്വാകർഷണ ഫലമായി ഉണ്ടാകുന്ന തരംഗങ്ങൾ സൃഷ്ടിക്കാനാകും.
രണ്ട് ന്യൂട്രോൺ നക്ഷത്രങ്ങൾ ദ്വന്ദങ്ങളായി സ്ഥിതി ചെയ്യാറുണ്ട്. ഇവ കൂടിച്ചേരുകയാണെങ്കിൽ അവിടെ അതീവ പ്രകാശനത്തോട് കൂടിയ സ്‌ഫോടനം നടന്നേക്കുമെന്ന് ശാസ്ത്രസംഘം പറയുന്നു. ജിഡബ്ല്യൂ 170817 എന്ന ഗുരുത്വതരംഗത്തിന് വഴിവെച്ച ന്യൂട്രോൺ നക്ഷത്ര സ്‌ഫോടനത്തെ അടിസ്ഥാനമാക്കിയാണ് ഗവേഷണം നടന്നത്.















